Connect with us

Kerala

ഷാര്‍ജ സുല്‍ത്താന്റെ നടപടി ബ്യൂറോക്രാറ്റിക് സംവിധാനം പിന്തുടരുന്നവരെ അത്ഭുതപ്പെടുത്തുന്നത്: കെ ജയകുമാര്‍

Published

|

Last Updated

തേഞ്ഞിപ്പലം: ഉത്തരവിറക്കിയ ദിവസം തന്നെ ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ച ഷാര്‍ജ സുല്‍ത്താന്‍ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നടപടി ബ്യൂറോക്രാറ്റിക് സംവിധാനം പിന്തുടരുന്നവരെ അത്ഭുതപ്പെടുത്തുന്നതാണെന്ന് മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍.  കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച സുല്‍ത്താന്റെ പുസ്തകങ്ങളുട ത്രിദിന പ്രദര്‍ശനത്തില്‍ “സാംസ്‌കാരിക വിനിമയവും വിജ്ഞാനവും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കെല്ലാം ബാധകമാകുന്ന ശിക്ഷായിളവ് പ്രഖ്യാപനം കേരളമണ്ണില്‍ നടത്തിയത് ഷാര്‍ജയിലെ മലയാളികള്‍ക്ക് കൂടുതല്‍ അഭിമാനകരമാണ്. മലയാളി യുവത്വം മുന്‍വിധികളില്‍ നിന്ന് മോചനം നേടണം. പുതിയ ആശയങ്ങള്‍ക്ക് മുന്നില്‍ വാതിലുകളടക്കുന്ന സമീപനം പാടില്ല. പലപ്പോഴും ഗവേഷണം പോലും മുന്‍വിധികളോടെയാണ് നടത്തുന്നതെന്നും കെ ജയകുമാര്‍ പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബശീര്‍, രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ് സംസാരിച്ചു. പുസ്തക പ്രദര്‍ശനത്തിന്റെ സമാപന ചടങ്ങില്‍ പി.കെ അബ്ദുറബ് എം എല്‍ എ പ്രഭാഷണം നടത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ എ റഹിം പ്രസംഗിച്ചു. സംസ്‌കൃതിയുടെ സുല്‍ത്താന്‍ പുസ്തകം പരിഭാഷപ്പെടുത്തിയ ഡോ. സി സൈതലവിയെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. അജി കുര്യാക്കോസ്, സുബാഷ് ചന്ദ്രബോസ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍, രജിസ്ട്രാര്‍ ഡോ: ടി എ അബ്ദുല്‍മജീദ് പ്രസംഗിച്ചു.

 

Latest