നയതന്ത്ര ചര്‍ച്ചക്ക് യു എസ് വിദേശകാര്യ സെക്രട്ടറി സഊദിയില്‍; ഖത്വര്‍, ഇറാഖ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും

Posted on: October 21, 2017 11:06 pm | Last updated: October 22, 2017 at 11:29 am
സഊദി സന്ദര്‍ശനത്തിനെത്തിയ യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിയും

റിയാദ്: ഗള്‍ഫ്, അറബ് മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ റിയാദിലെത്തി. സഊദിയും ഇറാഖും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടില്ലേഴ്‌സണ്‍ റിയാദിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. റിയാദിലെ കിംഗ് സല്‍മാന്‍ വ്യോമാസ്ഥാനത്തെത്തിയ ടില്ലേഴ്‌സണിനെ സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന വിദേശ പര്യടനത്തില്‍ ഖത്വര്‍, പാക്കിസ്ഥാന്‍, ഇന്ത്യ, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും.

ഏറെ നയതന്ത്ര പ്രശ്‌നങ്ങള്‍ക്ക് കാരണമായ ഖത്വര്‍ – സഊദി പ്രശ്‌നങ്ങളുടെ പരിഹാരവും ഇറാഖിലെ കുര്‍ദ് പോരാട്ടത്തിലെ പര്യവസാനവും ടില്ലേഴ്‌സണിന്റെ സഊദി സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. അമേരിക്കയുമായി അടുത്ത ബന്ധംപുലര്‍ത്തുന്ന സഊദി അറേബ്യക്ക് ഇറാഖ് വിഷയത്തിലെ യു എസ് നിലപാട് അംഗീകരിക്കേണ്ടിവരും.
ഖത്വര്‍ വിഷയത്തില്‍ സമ്പൂര്‍ണ പ്രശ്‌ന പരിഹാരത്തിനായി നിരവധി തവണ യു എസ് വിദേശകാര്യ മന്ത്രി സഊദി അറേബ്യയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ സമ്പൂര്‍ണ പരിഹാരം ഈ വിഷയത്തിലുണ്ടായിട്ടില്ല.