ഹാട്രിക്കടിച്ച് ബ്രിസ്റ്റര്‍; യുഎസിനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍

Posted on: October 21, 2017 10:19 pm | Last updated: October 22, 2017 at 10:03 am

മഡ്ഗാവ്: റിയാന്‍ ബ്രിസ്റ്ററിന്റെ ഹാട്രിക്ക് കരുത്തില്‍ യുഎസിനെ തകര്‍ത്ത് ഇംഗ്ലണ്ട് അണ്ടര്‍ 17 ഫുട്‌ബോളിന്റെ സെമിയില്‍ കടന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് പടയുടെ വിജയം. 11, 14, 90+6 മിനുട്ടുകളിലാണ് ബ്രിസ്റ്റര്‍ ഗോള്‍വല കുലുക്കിയത്. 64ാം മിനുട്ടില്‍ ഗിബ്‌സ് വൈറ്റ് ഇംഗ്ലണ്ടിന്റെ നാലാം ഗോള്‍ നേടി. യുഎസിനായി ജോഷ് സര്‍ജന്റ് ആശ്വാസ ഗോള്‍ നേടി. 72ാം മിനുട്ടിലാണ് സര്‍ജന്റ് ലക്ഷ്യം കണ്ടത്.

ഇതാദ്യമായാണ് ഇംഗ്ലണ്ട് അണ്ടര്‍ 17 ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ കടക്കുന്നത്. 2007 ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. അന്ന് ജര്‍മനിയോട് തോറ്റ് പുറത്താകുകയായിരുന്നു. 2011 ലും ജര്‍മനിയോട് തോറ്റായിരുന്നു ഇംഗ്ലണ്ടിന്റെ മടക്കം. 2015 ചിലിയിലെ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന് നോക്കൗട്ട് റൗണ്ടിലെത്താന്‍ സാധിച്ചില്ല.

നേരത്തെ, ക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ ഘാനയെ കീഴടക്കി മാലി സെമിയില്‍ കടന്നിരുന്നു. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാലി ജയം കുറിച്ചത്.