ഗുജറാത്തിലെ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസില്‍ ചേരും

Posted on: October 21, 2017 8:06 pm | Last updated: October 21, 2017 at 10:43 pm

ഗാന്ധിനഗര്‍: ഗുജറാത്തിലെ പിന്നാക്ക സംവരണ സമര നേതാവ് അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസില്‍ ചേരും. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അല്‍പേഷ് ഠാക്കൂര്‍ തീരുമാനം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച പാര്‍ട്ടി സംഘടിപ്പിക്കുന്ന ജനദേശ് റാലിയില്‍ വെച്ച് അല്‍പേഷും അനുയായികളും കോണ്‍ഗ്രസില്‍ ചേരും. അഞ്ച് ലക്ഷത്തോളം അണിനിരക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് അല്‍പേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ വിശാല സഖ്യം രൂപവത്കരിക്കുന്നതിന് കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. ജനതാദള്‍ യുനൈറ്റഡ് നേതാവ് ഛോട്ടു വാസവ, പട്ടേല്‍ നേതാവ് ഹര്‍ദിക് പട്ടേല്‍, ദളിത് പ്രവര്‍ത്തകന്‍ ജിഗ്നേഷ് മേവാനി തുടങ്ങിയവര്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി നടത്തിയ ഗുജറാത്ത് സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ റാലിയില്‍ വലിയ തോതില്‍ പട്ടേല്‍, ഒ ബി സി, ദളിത് വിഭാഗങ്ങള്‍ പങ്കെടുത്തിരുന്നു.