യാത്രാ സമയം ലാഭിക്കാം; ട്രെയിനുകള്‍ക്ക് ഇനി വേഗം കൂടും

Posted on: October 20, 2017 9:58 pm | Last updated: October 21, 2017 at 10:40 am

ന്യൂഡല്‍ഹി :ദീര്‍ഘദൂര തീവണ്ടികളുടെ വേഗത വര്‍ധിപ്പിച്ച് യാത്രാസമയം കുറയ്ക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. 500 കിലോമീറ്ററിലധികം ദൂരം സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനിച്ചതെന്നാണു റിപ്പോര്‍ട്ട്. പുതിയ സമയക്രമം നവംബറില്‍ നിലവില്‍ വന്നേക്കും. ഇതോടെ, ട്രെയിനില്‍ ദീര്‍ഘദൂര യാത്ര പോകുന്നവര്‍ക്ക് 15 മിനിറ്റു മുതല്‍ രണ്ടു മണിക്കൂര്‍ വരെ സമയം ലാഭിക്കാം.

പുതിയ റെയില്‍വേ മന്ത്രിയായി ചുമതലയേറ്റ പിയൂഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുതിയ പരീക്ഷണവുമായി റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. ട്രെയിനുകളുടെ സമയക്രമത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ട്രെയിനുകളുടെ വേഗത വര്‍ധിപ്പിച്ചു യാത്രാസമയം കുറയ്ക്കാനുള്ള നീക്കം.

അന്‍പതോളം മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളും നടന്നുവരികയാണെന്നാണു റിപ്പോര്‍ട്ട്. നിലവിലുള്ള ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിത്‌