Connect with us

National

ലോകത്ത് കൂടുതല്‍ മലിനീകരണ മരണങ്ങള്‍ നടന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി : ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ മലിനീകരണ മരണങ്ങള്‍ നടന്ന രാജ്യം ഇന്ത്യയെന്നാണ് പുതിയ റിപ്പോര്‍ട്ട്. അടിസ്ഥാന, മധ്യവര്‍ഗങ്ങളില്‍പ്പെട്ട ആളുകളാണ് ഇങ്ങനെ മരിക്കുന്നവരില്‍ ഏറെയും.

2015ല്‍ വായു, വെള്ളം തുടങ്ങിയ മേഖലകളില്‍ ഏറ്റവുമധികം മലിനീകരണമുണ്ടായതും ഇന്ത്യയിലാണ്. 25 ലക്ഷത്തിലധികം പേര്‍ മലിനീകരണത്താല്‍ ആ വര്‍ഷം രാജ്യത്ത് മരണപ്പെട്ടിട്ടുണ്ടെന്നാണ് ലാന്‍സെറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ന്യൂഡല്‍ഹി ഐഐടി, യുഎസിലെ ഐകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പഠനം.

ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ശ്വാസകോശ കാന്‍സര്‍, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സിഒപിഡി) തുടങ്ങിയവയാണ് മിക്കവരെയും മരണത്തിലേക്കു നയിച്ചത്. 2015ല്‍ ലോകത്താകെ 65 ലക്ഷം മരണങ്ങള്‍ക്കു വായു മലിനീകരണം കാരണമായപ്പോള്‍, ജല മലിനീകരണം 18 ലക്ഷം പേരുടെയും ജോലിസ്ഥലത്തെ മലിനീകരണം എട്ടു ലക്ഷം പേരുടെയും ജീവനെടുത്തു. 92 ശതമാനം ഇത്തരം മരണങ്ങളും നടക്കുന്നത് വികസനവും വരുമാനവും കുറഞ്ഞ രാജ്യങ്ങളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

Latest