മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു

Posted on: October 19, 2017 7:03 pm | Last updated: October 20, 2017 at 9:23 am

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു. കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഈ മാസം അവസാനത്തോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

കഴിഞ്ഞ മൂന്നു മാസത്തോളം അന്വേഷണം നടത്തിയിട്ടും,ബിജെപി നേതാക്കളടക്കം നിരവധിപേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടും കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. ബിജെപി നേതാക്കളും, കോഴ നല്‍കിയതായി ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയ എസ്.ആര്‍. എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികളും അടിക്കടി മൊഴി മാറ്റുന്നത് അന്വേഷണത്തെ ബാധിച്ചു. ബിജെപി നേതൃത്വവും അന്വേഷണത്തോട് സഹകരിക്കുന്നില്ല. പ്രചരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് തങ്ങളുടേതല്ല എന്നാണ് ബിജെപി കമ്മിഷന്‍ അംഗങ്ങളായ കെ.പി.ശ്രീശനും എ.കെ. നസീറും പറയുന്നത്. ഇതോടെയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.