Eranakulam
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ഉള്‍പ്പെട്ട ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. ഇതുസംബന്ധിച്ച് ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ അന്തിമ തീരുമാനമെടുത്തേക്കുമെന്നാണ് കരുതുന്നത്. കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന എ ഡി ജി പി. ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഇന്ന് ആലുവ പോലീസ് ക്ലബ്ബില്‍ നടക്കുന്ന പ്രത്യേക യോഗത്തില്‍ കേസില്‍ ഹാജരാകുന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും പങ്കെടുക്കും. നടിയെ ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത്. നിലവില്‍ സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ ദിലീപ് 11ാം പ്രതിയാണ്. ഗൂഢാലോചന കുറ്റകൃത്യത്തിന് തുല്യമാണെന്ന വാദമാണ് ഒന്നാം പ്രതിയാക്കുന്നതിനായി പോലീസ് ഉന്നയിക്കുന്നത്. ഇതിനായി കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പോലീസ് തയ്യാറാക്കി വരികയാണ്. കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നും കൃത്യം ചെയ്തവര്‍ക്ക് നടിയോട് വൈരാഗ്യമില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വാദം. ദിലീപ് പറഞ്ഞതനുസരിച്ച് ക്വട്ടേഷന്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുക മാത്രമാണ് സുനി ചെയ്തത്. സുനിയുടെയും സംഘത്തിന്റെയും ഓരോ നീക്കങ്ങളും ദീലീപ് കൃത്യമായി നിരീക്ഷിച്ചിരുന്നതായും അന്വേഷണ സംഘം വിലയിരുത്തുന്നു.
കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അടുത്തയാഴ്ചയോടെ കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നറിയുന്നു. ഇന്നത്തെ പോലീസ് ഉന്നതതല യോഗത്തിന് ശേഷം നിയമ വിദഗ്ധരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതി മുമ്പാകെ നല്‍കിയ 26 പേരുടെ രഹസ്യ മൊഴികള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യ തെളിവുകള്‍ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമര്‍പ്പിക്കുന്നത്. പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്ന വേളകളില്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ നേരിട്ട് സമര്‍പ്പിച്ചിരുന്ന, ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടാകും.
ഇതോടൊപ്പം കേസിന്റെ പ്രാധാന്യവും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശിപാര്‍ശയും സര്‍ക്കാറിന് മുമ്പാകെ ഡി ജി പി സമര്‍പ്പിക്കുന്നുണ്ട്.