Connect with us

National

കാഴ്ചയില്ലാത്തവരെ റിസര്‍വ് ബേങ്ക് കണ്ടില്ല; പുതിയ നോട്ടുകള്‍ അന്ധരെ കുഴക്കുന്നു

Published

|

Last Updated

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നോട്ടുകള്‍ കാഴ്ച വൈകല്യമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പരാതി. ഇതുമൂലം സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ 50 ലക്ഷത്തോളം കാഴ്ചവൈകല്യമുള്ളവരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. പുതിയ നോട്ടുകള്‍ അച്ചടിക്കുമ്പോള്‍ കാഴ്ച വൈകല്യമുള്ളവര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിധത്തിലുള്ളതായിരിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ കാറ്റില്‍ പറത്തിയാണ് റിസര്‍വ് ബേങ്കിന്റെ നടപടി.

പുതിയ നോട്ടുകള്‍ ബ്ലൈന്റ് സൗഹൃദമാക്കുമെന്ന് കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബേങ്കും ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ നോട്ടുകളില്‍ കാഴ്ചപരിമിതിയുള്ളവര്‍ക്കായി കൈകൊണ്ട് സ്പര്‍ശിച്ച് തിരിച്ചറിയാന്‍ പറ്റുന്ന വരകള്‍ ഇട്ടിരുന്നെങ്കിലും ഇത് ഫലപ്രദമല്ലന്ന് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പറഞ്ഞു. പുതിയ നോട്ടുകളിലെ വരകളില്‍ സ്പര്‍ശിച്ച് എത്ര രൂപയുടെ നോട്ടാണെന്ന് തിരിച്ചറിയാന്‍ ബേങ്കിംഗ് മേഖലയില്‍ ജോലി എടുക്കുന്ന കാഴ്ചപരിമിതിയുള്ളവര്‍ക്ക് പോലും സാധിക്കുന്നില്ല. പഴയ നോട്ടുകള്‍ ബ്ലൈന്റ് സൗഹൃദമല്ലായിരുന്നുവെങ്കിലും വലിപ്പത്തിലുള്ള വ്യത്യാസം മൂലം സ്പര്‍ശനത്തിലൂടെ ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനത്തിന് ശേഷം 500, 2000 രൂപ നോട്ടുകളാണ് ആദ്യം പുറത്തിറക്കിയത്. പിന്നീട് 50, 200 രൂപ നോട്ടുകള്‍ കൂടി പുറത്തിറക്കി. എന്നാല്‍ ഈ നോട്ടുകളുടെ വലിപ്പത്തില്‍ കാര്യമായ വ്യത്യാസമില്ലാത്തതാണ് കാഴ്ചവൈകല്യമുള്ളവരെ കുഴക്കുന്നത്. 20 രൂപ നോട്ടുകളുടെ വലിപ്പത്തിനോട് അടുത്തുനില്‍ക്കുന്നതാണ് ഇരുനൂറ്, അഞ്ഞൂറ് രൂപ നോട്ടുകള്‍. സ്വയം തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന കാഴ്ചവൈകല്യമുള്ളവര്‍ ഇതുമൂലം കബളിക്കപ്പെടുന്നത് നിത്യസംഭവമാണ്.

വര്‍ഷങ്ങളോളം ഇടപാട് നടത്തി പരിചയപ്പെട്ട നോട്ടുകള്‍ ഒറ്റയടിക്ക് സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ തന്നെ ഇക്കാര്യം രാജ്യത്തെ വിവിധ ബ്ലൈന്റ് അസോസിയേഷനുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. പുതിയ നാണയങ്ങളും കാഴ്ചവൈകല്യമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
കാഴ്ചവൈകല്യമുള്ളവര്‍ക്കുകൂടി തിരിച്ചറിയാന്‍ പറ്റുന്ന വിധത്തില്‍ രാജ്യത്തെ നോട്ടുകള്‍ പുറത്തിറക്കണമെന്നാവശ്യപ്പെട്് ബ്ലൈന്റ് ഫോറം ഓഫ് ഇന്ത്യ ഓണ്‍ലൈനിലൂടെ ഒപ്പുശേഖരണവും ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പരാതിയും നല്‍കിയിട്ടുണ്ട്.

sijukm707@gmail.com

Latest