ട്രംപിന് തിരിച്ചടി; യാത്രാ വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് കോടതി തടഞ്ഞു

Posted on: October 18, 2017 9:29 am | Last updated: October 18, 2017 at 3:15 pm

വാഷിംഗ്ടണ്‍: എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത് കോടതി താത്കാലികമായി തടഞ്ഞു. ഹവായി ജില്ലാ ജഡ്ജി ഡെറിക് വാട്‌സണാണ് ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്. സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. കോടതി നടപടി ട്രംപിന് കനത്ത തിരിച്ചടിയായി. ട്രംപിന്റെ ഉത്തരവ് അമേരിക്കയില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സിറിയ, ഇറാന്‍, യമന്‍, ലിബിയ, സുഡാന്‍, സൊമാലിയ, ഛാഢ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 90 ദിവസത്തേയും അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തേയും വിലക്കാണ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയത്. യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കിയായിരുന്നു ട്രംപിന്റെ പുതിയ ഉത്തരവ്. മുസ്‌ലിം പൗരന്മാരെ ലക്ഷ്യംവെച്ചാണ് പുതിയ ഉത്തരവുമായി ട്രംപ് രംഗത്തെത്തിയതെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.