സായിദ് വര്‍ഷ സന്ദേശം 5895 മീറ്റര്‍ ഉയരത്തിലെത്തിച്ച് സ്വദേശി യുവസംഘം

Posted on: October 17, 2017 9:59 pm | Last updated: October 17, 2017 at 9:59 pm

ദുബൈ: സായിദ് വര്‍ഷത്തിന്റെ സന്ദേശപ്രചാരണ ഭാഗമായി യു എ ഇ പതാകയും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ചിത്രവുമേന്തി 5895 മീറ്റര്‍ ഉയരമുള്ള പര്‍വതത്തിനുമുകളില്‍ കയറിയ നാലാംഗ സ്വദേശി യുവസംഘം വാര്‍ത്തകളില്‍ ഇടംപിടിച്ചു.

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നാലാമത്തെ പര്‍വതനിരയായ ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതനിരയുടെ മുകളിലാണ് ഉറ്റസുഹൃത്തുക്കളായ നാലംഘ സ്വദേശീ യുവാക്കളുടെ സംഘം തങ്ങളുടെ ദേശീയപതാകയും രാഷ്ട്രപിതാവിന്റെ ചിത്രവുമായി എത്തിയത്. 5895 മീറ്ററാണ് (19,341 അടി) കിളിമഞ്ചാരോ പര്‍വതത്തിന്റെ ഉയരം. രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ വ്യക്തിത്വവും തന്റെ മാനവീക സന്ദേശങ്ങളും ലോകത്ത് പ്രചരിപ്പിക്കാന്‍ പ്രത്യേകം അവസരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ, പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 2017 സായിദ് വര്‍ഷമായി ഇയ്യിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ സന്ദേശ പ്രചരണമെന്നോണമാണ് സ്വദേശി യുവാക്കള്‍ ഇത്തരമൊരു ദൗത്യവുമായി ഇറങ്ങിത്തിരിച്ചത്.

ഉറ്റ സുഹൃത്തുക്കളായ അഹ്മദ് അല്‍ ബദ്‌വാവി, സൈഫ് അല്‍ കത്ബീ, അഹ്മദ് ആല്‍ അലി, ജാസിം അല്‍ നുഐമി എന്നീ യുവാക്കളാണ് തങ്ങളുടെ രാജ്യസ്‌നേഹം അസാധാരണ രീതിയില്‍ പ്രകടിപ്പിച്ചത്. നാലുപേരും ചേര്‍ന്ന് തീരുമാനിച്ച, താന്‍സാനിയന്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു പര്‍വതാരോഹണമെന്നും തങ്ങളുടെ രാജ്യത്തോടും രാഷ്ട്രനായകരോടുമുള്ള അദമ്യമായ സ്‌നേഹപ്രകടനത്തിന് ഇത് ഉപയോഗപ്പെടുത്താമെന്നും നാല്‍വര്‍സംഘം തീരുമാനിക്കുകയായിരുന്നെന്ന് വാര്‍ത്തറിപ്പോര്‍ട്ട് ചെയ്ത പ്രാദേശിക പത്രം വ്യക്തമാക്കി.