Connect with us

Articles

എന്നിട്ടും തീര്‍ന്നിട്ടില്ല ലോകത്തിന്റെ വിശപ്പ്

Published

|

Last Updated

“കുടിയേറ്റത്തിന്റെ ഭാവി മാറ്റുക; ഭക്ഷ്യസുരക്ഷക്കും ഗ്രാമീണ വികസനത്തിനും വേണ്ടി നിക്ഷേപിക്കുക” എന്നതായിരുന്നു 2017-ലെ ലോക ഭക്ഷ്യദിനത്തിന്റെ സന്ദേശം. കുടിയേറ്റവും പട്ടിണിയും ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഈ പ്രമേയത്തിന്റെ പ്രസക്തി പറയേണ്ടതില്ലല്ലോ.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മനുഷ്യബുദ്ധിയെ മറിക്കുമോ എന്ന ചര്‍ച്ചയിലാണ് ആധുനിക ലോകം. ശാസ്ത്ര സാങ്കേതിക രംഗത്തും വികസന കാര്യത്തിലും ലോകം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നു. എന്നാല്‍, നേടിയ വളര്‍ച്ചയും ഉയര്‍ച്ചയുമൊന്നും കോടിക്കണക്കിന് മനുഷ്യരുടെ അടിസ്ഥാന ആവശ്യമായ വിശപ്പകറ്റാന്‍ പര്യാപ്തമാകുന്നില്ല. ചെറിയ രൂപത്തില്‍ വിശപ്പ് അനുഭവിക്കാത്തവരായി ലോകത്ത് ആരുമുണ്ടാകില്ല. എന്നാല്‍, ഒരു നേരത്തെ വിശപ്പകറ്റാന്‍ ആഹാരം കഴിക്കാനില്ലാതെ കോടിക്കണക്കിന് മനുഷ്യര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പട്ടിണികിടക്കുകയാണിന്ന്.

പട്ടിണി മൂലം ജനിച്ചുവളര്‍ന്ന ദേശത്ത് നിന്നും ആട്ടിയോടിക്കപ്പെട്ടവരും നിര്‍ബന്ധിതമായി രാജ്യം ഉപേക്ഷിച്ചുപോകേണ്ടിവരുന്നവരും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും പട്ടിണി മരണങ്ങള്‍ ക്രമാതീതമായി കൂടിവരികയാണെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരന്തരം വിശപ്പ് സഹിക്കേണ്ടിവന്ന ഒരു ജനത എന്നുമുണ്ടായിരുന്നു. യുദ്ധവും പകര്‍ച്ചവ്യാധികളും കാലാവസ്ഥാ മാറ്റങ്ങളുമെല്ലാം ഇതിന്റെ കാരണമായി. ഭീകരമായ പട്ടിണിമരണങ്ങള്‍ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോക രാജ്യങ്ങള്‍ പരസ്പര സഹകരണത്തിന് തയ്യാറാകുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ 17 വിഭാഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി 1945ല്‍ രൂപം കൊണ്ട സംഘടനയാണ് റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ കാര്‍ഷിക സംഘടന(FAO Food and Agricultural Organisation). എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിക്കൊണ്ട് ലോകത്തിന്റെ പട്ടിണി മാറ്റാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ് ഈ സംഘം.

കാര്യമായ യുദ്ധമോ മറ്റു കെടുതികളോ ഇല്ലാതെ തന്നെ ആഗോളതലത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തില്‍ വന്നുകൊണ്ടിരിക്കുന്ന ക്രമാതീതമായ വര്‍ധനവിന് പിന്നില്‍ രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വം കൂടിവരുന്നതാണെന്ന് മനസ്സിലാക്കാന്‍ കഴിയും. കോളനി രാജ്യങ്ങളില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ കൊള്ളയടിച്ച് ഉത്പന്നങ്ങളാക്കി മാറ്റി അതേ രാജ്യങ്ങളില്‍ വിപണനം നടത്തിയിരുന്നു. വ്യവസായ വിപ്ലവം എന്ന പേരില്‍ മുതലാളിത്ത രാജ്യങ്ങള്‍ അതിന്റെ മറ്റൊരു രൂപമാണ് ഇന്ന് നടപ്പാക്കികൊണ്ടിരിക്കുന്നത്. ഇതുകൊണ്ടുതന്നെ മുതലാളിത്ത രാജ്യങ്ങളും ചെറുകിട രാജ്യങ്ങളും തമ്മിലുള്ള അന്തരം വളരെയധികം കൂടിക്കൊണ്ടിരിക്കുന്നു. പട്ടിണി മൂലം മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്ന അഭയാര്‍ഥികളും ഭയാനകമായി വര്‍ധിച്ചുവരികയാണ്. 2015ല്‍ 244 ദശലക്ഷം മനുഷ്യര്‍ ഇത്തരത്തില്‍ കുടിയേറിയതായി പഠനങ്ങള്‍ പറയുന്നു.

2002-ല്‍ 189 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയ പദ്ധതിയാണ് സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍ (MDGS). ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 2015-ഓടെ ലോകത്ത് നിന്നും പട്ടിണിയും ദാരിദ്ര്യവും പൂര്‍ണമായും ഇല്ലാതാക്കുക എന്നത്. എന്നാല്‍, പദ്ധതി ലക്ഷ്യം വെച്ച വര്‍ഷം കഴിഞ്ഞിട്ടും 795 ദശലക്ഷം പേര്‍ ഇന്നും ലോകത്ത് പട്ടിണിയിലാണെന്ന് ലോക ഭക്ഷ്യ പദ്ധതിയുടെ (FAO) കണക്കുകള്‍ സൂചിപ്പിക്കുന്നു. അഥവാ ലോകത്ത് ഒമ്പതില്‍ ഒരാള്‍ക്ക് ഭക്ഷണമില്ല എന്നതു തന്നെ. മൂന്നില്‍ ഒരാള്‍ വീതം പോഷകാഹാരത്തിന്റെ കുറവ് മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു. സഹസ്രാബ്ദ വികസന പദ്ധതി പൂര്‍ണമായും പരാജയം മണത്തതോടെയാണ് 2015 സെപ്തംബര്‍ 25ന് ലോകത്തിലെ 192 രാജ്യങ്ങള്‍ ചേര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (SDG) എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. മുതലാളിത്ത രാജ്യങ്ങള്‍ തങ്ങളുടെ വികസന സ്വപ്‌നങ്ങള്‍ക്കു നിറം നല്‍കാനാണ് സുസ്ഥിര വികസനമെന്ന പേരുവിളിച്ച് ഒരു വികസന നയത്തിന് രൂപം നല്‍കിയതെന്നത് പരസ്യമായ രഹസ്യമാണ്. എങ്കിലും സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ രണ്ടാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമാണ് വിശപ്പില്ലാത്ത ലോകം(Zero Hunger). 2030തോടെ ഒരാള്‍പോലും പട്ടിണികിടക്കാത്ത ഇടമായി ലോകം മാറണമെന്നാണ് ഇത് ലക്ഷ്യം വെക്കുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പോഷകാഹാരം ലഭ്യമാക്കാനും സുസ്ഥിര കാര്‍ഷിക വികസനം സാധ്യമാക്കാനും വേണ്ടി ഇത് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായിട്ടുതന്നെയാണ് വിശപ്പുരഹിത ലോകം എന്ന പ്രമേയം മുന്‍നിര്‍ത്തി ലോക ഭക്ഷ്യദിനം ആചരിക്കുന്നത്.

പട്ടിണി മൂലം 763 ദശലക്ഷം ജനങ്ങള്‍ അഭയാര്‍ഥികളായെന്ന് കണക്കുകള്‍ പറയുമ്പോള്‍ തന്നെ ലോകത്തിലെ മുതലാളിത്ത വികസിത രാജ്യങ്ങളെല്ലാം തങ്ങളുടെ വാതിലുകള്‍ അഭയാര്‍ഥികള്‍ക്ക് മുന്നില്‍ കൊട്ടിയടച്ചുകഴിഞ്ഞുവെന്നു ഓര്‍ക്കണം. ഇതിനാല്‍, അഭയാര്‍ഥികളില്‍ ഭൂരിഭാഗവും എത്തിപ്പെടുന്നത് ഇന്നും ഭക്ഷണത്തില്‍ സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ലാത്ത വികസ്വര രാജ്യങ്ങളിലേക്കാണ്. ഇത് ഈ രാജ്യങ്ങളിലെ ഭക്ഷ്യക്ഷാമം രൂക്ഷമാക്കുന്നു. ഇതിനാല്‍ പട്ടിണിയില്ലാത്ത ലോകം സൃഷ്ടിച്ചുകൊണ്ടല്ലാതെ ഭീതിതമാം വിധം നടക്കുന്ന കുടിയേറ്റങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് ലോകം ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

വിശപ്പിനെ നിയന്ത്രിക്കണമെങ്കില്‍ ഫലപ്രദമായ സാമൂഹിക സുരക്ഷാ പദ്ധതികളിലൂടെയേ ഇനി രക്ഷയുള്ളൂവെന്നാണ് ഈ കണക്കുകളെല്ലാം വിളിച്ചറിയിക്കുന്നത്. മുകളില്‍ നിന്നും വന്‍കിട വികസന പദ്ധതികള്‍ താഴെതട്ടിലേക്ക് കെട്ടിയിറക്കുന്നതിന് പകരം അടിത്തട്ടില്‍ നിന്നുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങളില്‍ നിന്നുവേണം തുടങ്ങാന്‍.

ലോകത്ത് പാഴായിപ്പോകുന്ന ഭക്ഷണത്തിന്റെ കണക്കും ഭീതിപ്പെടുത്തുന്നതാണ്. ലോകത്ത് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന 400 കോടി മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നും പാഴായിപോകുകയാണ്. ഇതു വഴിമാത്രം ഓരോ വര്‍ഷവും ലോകസമ്പദ് വ്യവസ്ഥക്ക് നഷ്ടമാകുന്നത് 75,000 കോടിയും. വികസിത രാജ്യങ്ങളില്‍ ഭക്ഷണം തീന്‍മേശയിലെത്തിയതിന് ശേഷമാണ് പാഴാകുന്നതെങ്കില്‍ വികസ്വരരാജ്യങ്ങളില്‍ ഇത് ഉത്പാദനം, സംഭരണം, വിപണനം, സംസ്‌കരണം എന്നീ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ദരിദ്രരുടെയും സമ്പന്നരുടെയും ലോകം ഒരുമിച്ച് നിര്‍മിക്കാനാണ് കോര്‍പറേറ്റുകള്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പദ്ധതികള്‍ പലതുമുണ്ടായിട്ടും പട്ടിണിക്ക് ഇന്ത്യയില്‍ യാതൊരു കുറവും വന്നിട്ടില്ല. 2016ലെ ആഗോള ദാരിദ്ര്യ സൂചിക പ്രകാരം (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്) ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം പേര്‍ പട്ടിണികിടക്കുന്നത് ഇന്ത്യയിലാണ്. ആഗോള തലത്തില്‍ രൂക്ഷമായ ദാരിദ്ര്യം അനുഭവിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ പിന്നീട് പട്ടികയില്‍ വരുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ലോകബേങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 184 ദശലക്ഷം ആളുകള്‍ പോഷകാഹാരം ലഭിക്കാതെ വളരുന്നു. ഇവരില്‍ ഭൂരിപക്ഷവും കുട്ടികളാണ് എന്നതാണ് ഗൗരവതരമായ വസ്തുത. രാജ്യത്തിന്റെ സമ്പത്തെല്ലാം ചുരുക്കം ചിലരില്‍ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഭക്ഷണത്തിന്റെ കാര്യത്തിലും ഇതിന്റെ പ്രത്യാഘാതം ജനത അനുഭവിക്കുന്നുണ്ട്. 2005 നും 2013നും ഇടയില്‍ 1.94 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ രാജ്യത്ത് പാഴായിപ്പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും കല്യാണ മണ്ഡപങ്ങളില്‍ നിന്നും ടണ്‍കണക്കിന് ഭക്ഷണങ്ങളാണ് നാം പാഴാക്കിക്കൊണ്ടിരിക്കുന്നത്. വന്‍കിട വികസന പദ്ധതികള്‍ക്കായി നിരന്തരം ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറുകള്‍ രാജ്യത്തെ മനുഷ്യന്റെ അടിസ്ഥാനവും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭക്ഷണത്തിന്റെ സുസ്ഥിരമായ ലഭ്യതക്കായി എന്തു ചെയ്യുന്നു എന്നത് ചോദ്യം മാത്രമായി നിലനില്‍ക്കുകയാണ്. ജനിച്ചു വീണ മണ്ണില്‍ ജീവിക്കാന്‍ അനുമതിയില്ലാതെ രാജ്യം വിട്ട് ഓടിപോരേണ്ടിവന്ന റോഹിംഗ്യകളെ പോലെയുള്ള കുടിയേറ്റക്കാരെ മനുഷ്യത്വവും രാജ്യത്തിന്റെ പാരമ്പര്യവും മറന്ന് തിരിച്ചോടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

അമിതാഹാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഭക്ഷണം കിട്ടാത്തതിന്റെ പേരില്‍ അനുഭവിക്കുന്ന ഗുരുതരമായ പോഷകാഹാര കുറവും സമാന്തരമായി മുന്നോട്ട് ചലിച്ചുകൊണ്ടിരിക്കുന്നു എന്നതിനാല്‍ അസമത്വങ്ങള്‍ അവസാനിപ്പിക്കാതെ ലോകത്തിന്റെ വിശപ്പുമാറ്റാന്‍ പദ്ധതികളുടെ ബാഹുല്യം കൊണ്ട് സാധ്യമാകില്ലെന്ന് എന്നത് വ്യക്തമാകുന്നുണ്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി ഇന്ത്യ ഉയര്‍ന്നുകൊണ്ടിരിക്കുന്നുവെന്നു പറയുമ്പോള്‍ പോലും കോടിക്കണക്കിന് ജനത പട്ടിണി കിടക്കുകയും വിശപ്പുമൂലം മരണം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അടുത്തകാലത്ത് സുപ്രീം കോടതി ചോദിച്ച ചോദ്യം പ്രസക്തമാണ്.

സാമൂഹിക ക്ഷേമ പദ്ധതികളുടെ വികലമായ നടത്തിപ്പ് തന്നെയാണ് പട്ടിണിയും ആത്മഹത്യകളും രാജ്യത്ത് പെരുകിവരുന്നതിന്റെ കാരണം. ഭക്ഷണമില്ലാത്തതല്ല നമ്മുടെ പ്രശ്‌നമെന്നും ആരുടെയൊക്കെയൊ കൈകളില്‍ ലോകത്തിനവകാശപ്പെട്ട സമ്പത്തുകള്‍ കുമിഞ്ഞുകൂടിയതാണ് പട്ടിണിയുടെ പ്രധാന കാരണമെന്നും നാം തിരിച്ചറിയണം.

 

Latest