Connect with us

Articles

ബി ജെ പി ഇനി എന്തു ചെയ്യും?

Published

|

Last Updated

ബി ജെ പിയോട് കേരളത്തിന് പറയാനുള്ളത് ഒരിക്കല്‍ കൂടി ഉണര്‍ത്തുകയാണ് വേങ്ങര. വെറും ഉണര്‍ത്തല്‍ മാത്രമല്ല. മുന്നറിയിപ്പ് കൂടിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം. കേരളത്തിന്റെ മതേതര മനസ്സിന് നിങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. രാഷ്ട്രീയ നേട്ടത്തിന് കേരളത്തെ അപമാനിക്കാന്‍ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് ബി ജെ പിക്ക് വേങ്ങരയില്‍ നിന്ന് ലഭിച്ചത്. ഉപതിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വോട്ട് നേടുന്ന പതിവ് കൂടിയാണ് ഇത്തവണ തെറ്റിയത്. ഉള്ള വോട്ട് കൂടി ചോര്‍ന്ന് പോയിരിക്കുന്നു.
ദേശീയതലത്തില്‍ വലിയ പ്രചാരണം നല്‍കി കേരളം പിടിക്കുമെന്ന അവകാശവാദവുമായി തുടങ്ങിയ ജനരക്ഷായാത്ര അവസാനിക്കും മുമ്പ് തന്നെ യാത്ര കൊണ്ട് എന്ത് നേടിയെന്ന ചോദ്യത്തിന് കൂടിയാണ് വേങ്ങര ഉത്തരം നല്‍കിയിരിക്കുന്നത്. അമിത്ഷായും വര്‍ഗീയത പറയുന്നതില്‍ ഒരു പിശുക്കും കാണിക്കാത്ത യോഗി ആദിത്യനാഥും മറ്റുദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പദയാത്ര നടത്തിയാല്‍ കേരളം കൂടെ വരുമെന്ന തോന്നല്‍ ഇനിയെങ്കിലും മാറ്റിവെക്കുന്നതാണ് നല്ലത്. ഇത്തരം പ്രചാരണങ്ങളുടെ ശരിതെറ്റുകള്‍ മനസ്സിലാക്കുന്നതില്‍ കേരളം എല്ലാകാലത്തും വിജയിച്ചിട്ടുണ്ട്.

ഭൂരിപക്ഷ വോട്ടുകള്‍ പെട്ടിയിലാക്കി ശക്തി തെളിയിക്കുകയായിരുന്നു വേങ്ങരയിലെ ബി ജെ പിയുടെ ഉന്നം. അതിനായി കഴിഞ്ഞ തവണ മത്സരിപ്പിച്ച ആലി ഹാജിയെ മാറ്റി ജനചന്ദ്രന്‍ മാസ്റ്ററെ സ്ഥാനാര്‍ഥിയാക്കി. ന്യൂനപക്ഷമേല്‍ക്കൈ ഉള്ള മണ്ഡലത്തില്‍ അതിലൂടെ ലഭിക്കാവുന്ന മേല്‍ക്കൈ പോലും വേണ്ടെന്ന് വെച്ചായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയം. പ്രചാരണ രംഗത്ത് കാര്യമായി ഉയര്‍ത്തിയത് വികസനത്തിലെ വിവേചനം. വീടുകള്‍ തോറും കയറി ഇറങ്ങി ഒരു വിഭാഗം മാത്രമാണ് വികസനത്തിന്റെ ഗുണഭോക്താക്കളെന്ന ഇല്ലാക്കഥ പ്രചരിപ്പിച്ചു. ബി ജെ പി ശക്തികേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളില്‍ പാര്‍ട്ടിയുടെ തീപ്പൊരി നേതാക്കള്‍ ഓടിനടന്നു പങ്കെടുത്തു. കൂടെ ജിഹാദി കമ്മ്യൂണിസ്റ്റ് ഭീകരതയും.! രണ്ടും സമം ചേര്‍ത്ത് വേങ്ങരയിലേക്ക് ഒഴുക്കി വിട്ടു. ഇതിനായി കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്ര റൂട്ട് മാറ്റി വേങ്ങരയിലുമെത്തി. വേങ്ങരയുടെയും മലപ്പുറത്തിന്റെയും കേരളത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധത ഇത് തിരിച്ചറിഞ്ഞു. വോട്ടര്‍മാരുടെ എണ്ണവും പോളിംഗ് ശതമാനവും വര്‍ധിച്ചിട്ടും 2016ലേതിനെക്കാള്‍ 1327 വോട്ട് കുറയുകയായിരുന്നു. എസ് ഡി പി ഐ മൂന്നാം സ്ഥാനത്തെത്തിയത് കൂടി ഇതോട് ചേര്‍ത്തുവിലയിരുത്തണം. സംഘ്പരിവാര്‍ രാഷ്ട്രീയത്തെ സാധാരണ ജനങ്ങള്‍ ആശങ്കയോടെയാണ് സമീപിക്കുന്നതെന്ന വസ്തുത ഉള്‍ക്കൊള്ളാന്‍ ബി ജെ പിക്ക് കഴിയണം.
2017ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ തന്നെ മുന്‍തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറഞ്ഞിരുന്നു. അതിനു മുമ്പുള്ള നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാള്‍ 7772 വോട്ട് കുറവുണ്ടായി. അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനല്ല ബി ജെ പി ശ്രമിച്ചത്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ചുപോലും 224 വോട്ടിന്റെ കുറവ്. 2011ല്‍ നിയമസഭയിലേക്ക് 3417 വോട്ടും 2014ല്‍ ലോക്‌സഭയിലേക്ക് 5638 വോട്ടും 2016ല്‍ നിയമസഭയിലേക്ക് 7055 വോട്ടും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ 5952 വോട്ടുമാണ് ബി ജെ പിക്ക് വേങ്ങരയില്‍ ലഭിച്ചിരുന്നത്. കേന്ദ്രനേതൃത്വത്തിനു വാക്കുകൊടുത്ത 10,000 വോട്ടെന്ന മിനിമം ലക്ഷ്യത്തിന്റെ പകുതി മാത്രമാണ് നേടിയത്.

വോട്ട് കുറവിന്റെ കാരണം തിരക്കി കുമ്മനം രാജശേഖരനോട് ദേശീയനേതൃത്വം വിശദീകരണം തേടുമെന്നാണ് കേള്‍വി. ദേശീയ നേതൃത്വം കൂടിയാണ് ഈ തിരിച്ചടിക്ക് കാരണക്കാരെന്ന വസ്തുത അവര്‍ ഉള്‍ക്കൊള്ളുന്നില്ലെന്ന് സാരം. വലിയ പ്രതീക്ഷയാണ് വേങ്ങരയില്‍ ബി ജെ പി പുലര്‍ത്തിയിരുന്നത്. ദേശീയ നേതാക്കളുടെ സാന്നിധ്യം. ജനരക്ഷായാത്ര നടക്കുന്ന പശ്ചാത്തലം. വാര്‍ത്തകളില്‍ ബി ജെ പി നിറഞ്ഞ് നില്‍ക്കുന്നു. പിന്നെ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രി പദത്തിലൂടെ കേരളത്തിന് നല്‍കിയ സമ്മാനം. ഇതൊക്കെ വോട്ടായി മാറുമെന്ന് കണക്ക് കൂട്ടിയ ബി ജെ പി നേതൃത്വം ഫലം വന്ന ശേഷം അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.

ജനരക്ഷായാത്ര കൊണ്ട് എന്ത് നേടിയെന്ന ചോദ്യം ഇനി ചോദിക്കേണ്ടി വരില്ല. കാരണം യാത്ര തീരും മുമ്പെ വേങ്ങര അതിന് ഉത്തരം നല്‍കിയിട്ടുണ്ട്. ജനരക്ഷായാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കുകയാണ്. യാത്ര കണ്ണൂരില്‍ തുടങ്ങിവെച്ച അമിത്ഷാ സമാപനത്തിന് തിരുവനന്തപുരത്തും എത്തുന്നുണ്ടെന്നാണ് ബി ജെ പി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. കേരളത്തെക്കുറിച്ച് വേങ്ങര പഠിപ്പിച്ച പാഠമെങ്കിലും അമിത് ഷാക്ക് പറഞ്ഞ് കൊടുക്കാന്‍ ബി ജെ പിയുടെ സംസ്ഥാനനേതൃത്വം തയ്യാറകണം.

വര്‍ഗീയതക്ക് വളക്കൂറുള്ള മണ്ണ് അല്ല കേരളം. വികസന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ച്ച. ക്ഷേമരംഗത്തും സാഹചര്യങ്ങള്‍ ഇങ്ങനെ തന്നെ. ആശുപത്രികളുടെ കാര്യത്തില്‍ കേരളം യു പിയെ കണ്ടുപഠിക്കണമെന്നാണ് യോഗി ആദിത്യനാഥ് കേരളത്തില്‍ വന്നുപറഞ്ഞത്. കേരളത്തെക്കുറിച്ച് ബി ജെ പി നേതാക്കള്‍ക്കുള്ള അജ്ഞതയാണ് ഈ പ്രസ്താവനയില്‍ പ്രതിഫലിച്ചത്.

കേരളത്തിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ വികസനനേട്ടങ്ങളോ അറിയാത്തതാണോ അതോ ബോധപൂര്‍വം മറച്ചുവെക്കുന്നതാണോയെന്നതില്‍ വ്യക്തതയില്ല. ഇന്ത്യയില്‍ ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ആയിരത്തിന് 50 എന്നാണ് അവിടെ കണക്ക്. കേരളത്തില്‍ ഇത് 12 ആണ്. 2015ലെ റൂറല്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് 15 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ 25 ശതമാനം വര്‍ധിച്ചപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എട്ടു ശതമാനത്തോളം കുറയുകയാണ് ചെയ്തത്.

യു പിയില്‍ ആയിരം ജനനങ്ങളില്‍ അഞ്ചു വയസ്സിനു മുമ്പു മരിക്കുന്നത് 64 പേരാണ്. 35 പേര്‍ ഒരു മാസത്തിനുള്ളിലും. 50 പേര്‍ ഒരു വര്‍ഷം തികക്കുന്നില്ല. അതിജീവിക്കുന്നവരില്‍ വളര്‍ച്ച മുരടിക്കുന്നവരുടെ എണ്ണം 50.4 ശതമാനമാണ്. യു പിയിലെ നവജാതശിശുക്കളുടെ അതിജീവനശേഷി ബീഹാറിനേക്കാള്‍ നാലു വര്‍ഷവും ഹരിയാനയേക്കാള്‍ അഞ്ചുവര്‍ഷവും ഹിമാചല്‍ പ്രദേശിനേക്കാള്‍ ഏഴു വര്‍ഷവും കുറവാണ്. മാതൃമരണനിരക്കിലാകട്ടെ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് യു പി. 62 ശതമാനം ഗര്‍ഭിണികള്‍ക്കും മിനിമം ഗര്‍ഭശുശ്രൂഷ പോലും ലഭിക്കുന്നില്ല.
ഇങ്ങനെയൊരു സംസ്ഥാനത്തെ കണ്ടുപഠിക്കണമെന്നാണ് യോഗി പറയുന്നത്. അതും കേരളത്തില്‍ വന്ന്. കുമ്മനംരാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ ഇത് ആവര്‍ത്തിക്കുന്നു. ഇത് കേട്ട് ആവേശം കൊള്ളുന്ന സംഘ്പരിവാറുകാര്‍ കയ്യടിക്കുമായിരിക്കും. എന്നാല്‍ വസ്തുതകളോട് പുറം തിരിഞ്ഞ് നില്‍ക്കാന്‍ കേരളത്തിന്റെ പ്രബുദ്ധതക്ക് കഴിയില്ല.

എന്തായാലും ബി ജെ പിയുടെ സംസ്ഥാനഘടകത്തിന് വരും നാളുകള്‍ അത്ര ശുഭകരമാകില്ല. മെഡിക്കല്‍ കോളജ് കോഴയില്‍ കുരുങ്ങി നഷ്ടപ്പെട്ട മുഖം തിരിച്ചുപിടിക്കുകയായിരുന്നു ജനരക്ഷായാത്രയുടെ ലക്ഷ്യം. മെഡിക്കല്‍ കോളജ് കോഴ വാര്‍ത്തയില്‍ നിന്ന് മായ്ച്ച് കളയാന്‍ യാത്ര സഹായിച്ചിരിക്കും. എന്നാല്‍, യാത്ര കൊണ്ട് പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് ദേശീയ നേതൃത്വം വിലയിരുത്തി കഴിഞ്ഞു. ഇതിന്റെ തുടര്‍ചലനം എങ്ങിനെയാകുമെന്ന് കണ്ടറിയണം.

അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതിലൂടെ തന്നെ സംസ്ഥാനഘടകത്തിന് ദേശീയ നേതൃത്വം മുന്നറിയിപ്പ് നല്‍കിയതാണ്. ദേശീയ നേതൃത്വം പൂര്‍ണ പിന്തുണ നല്‍കിയിട്ടും ജനരക്ഷായാത്രക്ക് പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന വിലയിരുത്തല്‍ സംസ്ഥാനഘടകത്തിന്റെ ഉടച്ചുവാര്‍ക്കലിന് വഴിവെക്കാനിടയുണ്ട്.

 

---- facebook comment plugin here -----

Latest