ബംഗളൂരൂവില്‍ ഇരുനില വീട് ഇടിഞ്ഞു വീണ് ഏഴ് പേര്‍ മരിച്ചു

Posted on: October 16, 2017 3:05 pm | Last updated: October 16, 2017 at 3:05 pm

ബംഗളൂരു: കര്‍ണാടകയില്‍ ഇരുനില വീട് ഇടിഞ്ഞു വീണ് ഏഴുപേര്‍ മരിച്ചു. ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നു. ബംഗളൂരുവിലെ എജിപുരയില്‍ ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. രാവിലെ ഏഴുമണിയോടെ ഉഗ്ര ശബ്ദം കേട്ട് നോക്കിയപ്പോഴേക്കും വീട് തകര്‍ന്നു വീണിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു.

അഗ്‌നി ശമന സേനയും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മരിച്ചവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. കലാവതി(68), രവിചന്ദ്രന്‍ (30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ടു കുട്ടികള്‍ ഗുരുതരാവസ്ഥ തരണം ചെയ്തതായി പൊലീസ് പറഞ്ഞു. ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി സ്ഥലം സന്ദര്‍ശിച്ചു. കെട്ടിടം ഗുണേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്നും നാലു കുടുംബങ്ങള്‍ക്ക് വാടകക്ക് നല്‍കിയതാണെന്നും ആഭ്യന്തരമന്ത്രി അറിയച്ചു.

മരിച്ചവരില്‍ തിരിച്ചറിഞ്ഞ രണ്ടുപേരും താഴെ നിലയില്‍ താമസിക്കുന്നവരാണ്. താഴെ നിലയില്‍ താമസിക്കുന്ന മറ്റ് കടുംബാംഗങ്ങള്‍ കെട്ടിടാവശിഷ്ടത്തില്‍ പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.