യുഡിഎഫ് ഹര്‍ത്താല്‍ തുടരുന്നു; പലയിടത്തും അക്രമം

Posted on: October 16, 2017 11:18 am | Last updated: October 16, 2017 at 4:22 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും നയങ്ങള്‍ക്കെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടരുന്നു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കംകൂടാതെ നടക്കുന്നുണ്ട്. ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയാണു സര്‍വീസുകള്‍ നടക്കുന്നത്. ഓട്ടോ, ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയും നിരത്തിലുണ്ട്.

കൊച്ചി പാലാരിവട്ടത്തും പാലക്കാട് എലപ്പുള്ളിയിലും കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. തൃശൂര്‍ സ്വരാജ് ഗ്രൗണ്ടിനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവരെ അറസ്റ്റുചെയ്തു നീക്കിയതു നേരിയ സംഘര്‍ഷത്തിനു കാരണമായി. തിരുവനന്തപുരം പൂവച്ചല്‍, വെളളനാട്, വിതുര എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കോന്നിയിലും കോഴഞ്ചേരിയിലും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായതിനാല്‍ പത്തനംതിട്ട ഡിപ്പോയില്‍നിന്നുളള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയുള്ള ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. അക്രമവും പൊതുമുതല്‍ നശിപ്പിക്കലും ഉണ്ടായാല്‍ കര്‍ശനമായി നേരിടും. അക്രമസാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നു നടത്താനിരുന്ന പരീക്ഷകളില്‍ മാറ്റമില്ലെന്നു പിഎസ്!സി അറിയിച്ചു. അതേസമയം, സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്‌