പശുവിറച്ചിയെന്ന് ആരോപിച്ച് യുവാക്കളെ മര്‍ദിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: October 15, 2017 10:45 pm | Last updated: October 15, 2017 at 9:20 pm

ന്യൂഡല്‍ഹി: ബീഫ് കടത്തിയെന്നാരോപിച്ച് പതിനാലുകാരനടക്കം അഞ്ചംഗ സംഘത്തെ മര്‍ദിച്ച സംഭവത്തില്‍ മുന്ന് പേര്‍ പിടിയില്‍. ഇന്നലെ രാവിലെയാണ് ഫരീദാബാദ് പോലിസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മര്‍ദനത്തില്‍ നേതൃത്വം നല്‍കിയ മറ്റ് നാല് പേര്‍ക്കെതിരെയുള്ള അന്വേഷണം തുടരുകയാണെന്നും പോലിസ് അറിയിച്ചു.

മാട്ടിറച്ചിയുമായി ഒട്ടോറിക്ഷയില്‍യാത്ര ചെയ്യുകയായിരുന്ന പതിനാലുകാരന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേരെ ഫാരീദാബാദില്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകകയായിരുന്നു. തുടര്‍ന്ന് ഗ്രാമത്തിനകത്തേത്ത് കൊണ്ടുപോയ ഇവരെ തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കൈവശമുള്ള ഇറച്ചി പശുവിന്റേതാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

അതേസമയം, കടത്തിയത് പശുവിറച്ചിയാണെന്ന സംശയത്തില്‍ മര്‍ദനമേറ്റവര്‍ക്കെതിരെയും കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാട്ടിറച്ചിയാണെന്ന് തെളിഞ്ഞതോടെ കേസ് പിന്‍വലിക്കുകയും ചെയ്്തു. ഇവര്‍ കടത്തിയത് പശുവിറച്ചിയാണങ്കില്‍ പോലും മര്‍ദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ആക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡി സി പി വ്യക്തമാക്കി.