Connect with us

National

ഹിമാചല്‍ മന്ത്രി കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലേക്ക്

Published

|

Last Updated

ഷിംല: ഹിമാചല്‍ പ്രദേശ് ഗ്രാമീണ വികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശര്‍മ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേരുന്നു. മുന്‍ കേന്ദ്ര മന്ത്രി സുഖ് റാമിന്റെ മകനാണ് അനില്‍ ശര്‍മ. സുഖ് റാമും ബി ജെ പിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഇരുവരുടെയും കൂടുമാറ്റ പ്രഖ്യാപനം.

നവീനവും അഴിമതിയില്ലാത്തതുമായ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ താനും പങ്കുചേരുകയാണെന്ന്, ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയ പ്രഖ്യാപനത്തില്‍ അനില്‍ ശര്‍മ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നാണ് ശര്‍മ പറയുന്നത്.
മുഖ്യമന്ത്രി വീര്‍ഭദ്രസിംഗിന്റെ ഭാര്യാസഹോദരി ജ്യോതി സെന്‍, ഭാര്യസോഹോദരന്മാരായ വീര്‍ വിക്രം സെന്‍, പ്രിഥ്വി വിക്രം സെന്‍ എന്നിവര്‍ കഴിഞ്ഞ ആഴ്ച ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ഇവര്‍ക്ക് പിന്നാലെ അനില്‍ ശര്‍മയും പാര്‍ട്ടി വിട്ട് ബി ജെ പി പാളയത്തില്‍ ചേരുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ഭാര്യാ സഹോദരങ്ങളുടെ പാര്‍ട്ടി മാറ്റം പ്രതീക്ഷിച്ചതാണെന്നും അത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും വീര്‍ഭദ്ര സിംഗ് പ്രതികരിച്ചിരുന്നു. എന്നാല്‍, നവംബര്‍ ഒമ്പതിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനില്‍ ശര്‍മയും പിതാവ് സുഖ്‌റാമും ബി ജെ പിയിലേക്ക് കുടിയേറുന്നത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് ഉണ്ടാക്കുക.
ഈ മാസം ഏഴിന് മാന്ദിയില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സുഖ്‌റാമിനെ ക്ഷണിക്കാത്തതാണ് ഇരുവരെയും പ്രകോപിതരാക്കിയത്. ഡല്‍ഹിയില്‍ നിന്ന് സുഖ്‌റാം മാന്ദിയില്‍ എത്തിയിരുന്നെങ്കിലും റാലിയുമായി സഹകരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല.

അഴിമതിയിലൂടെ കുപ്രസിദ്ധിയുണ്ടെങ്കിലും മാന്ദി ജില്ലയില്‍ നല്ല സ്വാധീനമുള്ള നേതാവാണ് സുഖ്‌റാം. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 10 മണ്ഡലങ്ങളില്‍ അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസും ബി ജെ പിയും ജയിച്ചിരുന്നു. സുഖ്‌റാമിനെ കൂടെ നിര്‍ത്തിയാല്‍ കൂടുതല്‍ മണ്ഡലങ്ങള്‍ കൈപ്പിടിയിലാക്കാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. ഇരുവരും ഡല്‍ഹിയില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
ഇവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഇരുവരെയും തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സുഖ്‌റാമിനെ പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തിയതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അതിനിടെയാണ് പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേരുന്നുവെന്ന് പ്രഖ്യാപനം ഫേസ്ബുക്ക് വഴി അനില്‍ ശര്‍മ നടത്തിയത്.
മൂന്ന് തവണ മാന്ദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിനെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തയാളാണ് ശര്‍മ. രാജ്യസഭാംഗവുമായിട്ടുണ്ട്. 1962 മുതല്‍ 84 വരെ മാണ്ഡിയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തത് സുഖ്‌റാമായിരുന്നു. അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പേള്‍ 1985ല്‍ വിശ്വസ്തന്‍ ഡി ഡി താക്കൂര്‍ മാന്ദിയുടെ പ്രതിനിധിയായി. തുടര്‍ന്ന് വന്ന 1990 തിരഞ്ഞെടുപ്പില്‍ സീറ്റ് ബീ ജെ പി പിടിച്ചെടുത്തു.
93ലെ തിരഞ്ഞെടുപ്പില്‍ അനില്‍ ശര്‍മയാണ് കോണ്‍ഗ്രസിന് വേണ്ടി സീറ്റ് തിരിച്ചെടുത്തത്. 98ല്‍ രാജ്യസഭാംഗമായെങ്കിലും 2007ലും 2012ലും അദ്ദേഹം തുടര്‍ച്ചയായി വീണ്ടും മാന്ദി എം എല്‍ എയായി. സല്‍മാന്‍ ഖാന്റെ ഇളയ സഹോദരി അര്‍പിതയെ വിവാഹം ചെയ്തത് അനില്‍ ശര്‍മയുടെ ഇളയ മകനാണ്.

 

Latest