വിദ്യാര്‍ഥി രാഷ്ട്രീയവും കോടതി വിധിയും

Posted on: October 15, 2017 8:25 am | Last updated: October 14, 2017 at 11:26 pm

കലാലയങ്ങളിലെ വിദ്യാര്‍ഥി സമരത്തിനെതിരായ ഹൈക്കോടതി ഉത്തരവ് വീണ്ടും വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ്. കക്ഷിഭേദമന്യെ രാഷ്ട്രീയ നേതാക്കളെല്ലാം കോടതി വിധിക്കെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളുടെ അഭാവത്തില്‍ വിദ്യാലയങ്ങളില്‍ അരാജകത്വവും തീവ്രവാദവും വിളയുമെന്നും കോളജുകളില്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെടാന്‍ ഇട യാക്കുന്നതും ഇടിമുറികള്‍ സജ്ജീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് ധൈര്യം പകരുന്നതും വിദ്യാര്‍ഥി സംഘടനകളുടെ അഭാവമാണെന്നുമാണ് സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടതിവിധിയോട് പ്രതികരിക്കവെ അഭിപ്രായപ്പെട്ടത്.

പൊന്നാനി എം ഇ എസ് കോളജിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട ഹരജിയില്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധര്‍ണയും നിരാഹാര സമരവും നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന് കോടതി വിധിച്ചത്. പഠിക്കാനാണ് വിദ്യാര്‍ഥികള്‍ കലാലയങ്ങളില്‍ വരുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ല. രണ്ടും കൂടി ഒന്നിച്ചു പോകില്ല. രാഷ്ട്രീയപ്രവര്‍ത്തനവും സമരവും നടത്തണമെങ്കില്‍ പഠനം നിര്‍ത്തി പോകണമെന്നും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പറഞ്ഞു. കോളജിനകത്തോ പരിസരത്തോ സമരപ്പന്തലും പിക്കറ്റിംഗും അനുവദിക്കരുത്. ഇക്കാര്യം പോലീസ് ശ്രദ്ധിക്കണമെന്ന് ഉണര്‍ത്തിയ കോടതി കോളജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ക്യാമ്പസില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഇടപെടണമെന്നും പോലീസിനോടാവശ്യപ്പെട്ടു. പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് എന്തിന്റെ പേരിലായാലും അനുവദിക്കാനാകില്ല.

വിദ്യാര്‍ഥികള്‍ക്ക് പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗത്തിലൂടെയാണ് അതിന് പരിഹാരം കാണേണ്ടത്. ധര്‍ണകള്‍ കൊണ്ടോ സമരങ്ങള്‍ കൊണ്ടോ ഒന്നും നേടാനാകില്ലെന്ന് മാത്രമല്ല, സമാധാനം കളിയാടേണ്ട വിദ്യാലയാന്തരീക്ഷത്തെ അത് കലുഷിതമാക്കുകയും ദുഷിപ്പിക്കുകയും ചെയ്യും. ആവശ്യങ്ങള്‍ ന്യായമോ നിയമപരമോ അല്ലെന്നും നിയമപരമായി നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ഭീഷണിയുടെ സ്വരത്തിലുള്ള സമരമാര്‍ഗങ്ങള്‍ തേടുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രശ്‌നപരിഹാരത്തിന് ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍ ഭരണഘടനേതരമായ രീതിയില്‍ സമരം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഒരു വിദ്യാര്‍ഥി സംഘടനയും പാടില്ലെന്ന് ദേശീയ വിദ്യാഭ്യാസനയം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ടി എസ് ആര്‍ സുബ്രഹ്മണ്യന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ശിപാര്‍ശ ചെയ്യുന്നുണ്ട്. തുടര്‍ച്ചയായുള്ള സമരങ്ങളും പ്രതിഷേധങ്ങളും കാരണം ക്ലാസുകള്‍ മുടങ്ങുകയും അധ്യയനക്രമം പാടേ തകരാറിലാവുകയും ചെയ്യുന്നുണ്ട്. ഇത് പഠനത്തെ ഗൗരവമായി കാണുന്ന വിദ്യാര്‍ഥികളെ ബാധിക്കുന്നതായും സമിതി ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥികളെ തങ്ങളുടെ കൊടിക്കീഴില്‍ അണിനിരത്താനുള്ള പരിശീലനക്കളരിയാണ് രാഷ്ട്രീയ പ്രസ്ഥാനക്കാരെ സംബന്ധിച്ചിടത്തോളം കലാലയരാഷ്ട്രീയം. അതിനെതിരെയുള്ള ഏത് നീക്കത്തെയും അവര്‍ ശക്തിയുക്തം എതിര്‍ക്കുന്നത് സ്വാഭാവികം. അതേസമയം കലാലയങ്ങളില്‍ സമാധാനാന്തരീക്ഷവും സ്വസ്ഥമായി പഠിക്കാനുള്ള അവസരവും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും സാമൂഹിക, സാംസ്‌കാരിക നേതൃത്വങ്ങളും കോടതി വിധിയെ സ്വാഗതം ചെയ്യാതിരിക്കില്ല. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണെന്നും കലാലയ രാഷ്ട്രീയം വിദ്യാര്‍ഥികളില്‍ രാഷ്ട്രീയബോധവും പൗരബോധവും സൃഷ്ടിക്കുമെന്നുമാണ് അതിനെ അനുകൂലിക്കുന്നവരുടെ ന്യായീകരണം. എന്നാല്‍ രാഷ്ട്രത്തെക്കുറിച്ചുള്ള ബോധത്തില്‍ നിന്ന് ഒരു പാര്‍ട്ടിയില്‍ ഒതുങ്ങുന്ന സങ്കുചിതവും സ്വാര്‍ഥപരവുമായ വീക്ഷണത്തിലേക്ക് അധഃപതിച്ചിട്ടുണ്ട് ഇന്നത്തെ രാഷ്ട്രീയബോധം. സമരം ചെയ്യലാണ് ജനാധിപത്യത്തില്‍ പൗരന്റെ കടമയെന്നും അതിനുവേണ്ടി മറ്റുള്ളവരുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ വരുത്താമെന്നുമാണ് വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ അവര്‍ പഠിക്കുന്നത്.

ഫീസ് വര്‍ധന തുടങ്ങി വിദ്യാര്‍ഥി സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങള്‍ക്കെതിരെയോ അവകാശങ്ങള്‍ക്കുവേണ്ടിയോ അല്ല, മാതൃസംഘടനയായ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് വിദ്യാര്‍ഥികള്‍ മിക്കപ്പോഴും സമരത്തിനിറങ്ങുന്നത്. പുറത്തുള്ള കക്ഷിരാഷ്ട്രീയമാണ് ക്യാമ്പസിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നത്. സമരത്തിന് നിദാനമായ വിഷയമെന്തെന്ന് പോലും അറിയാതെ നേതാക്കളെ ഭയന്നോ കക്ഷി രാഷ്ട്രീയ ജ്വരം മൂലമോ സമരങ്ങളില്‍ പങ്കെടുക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്നുണ്ട്. റാഗിംഗ്, മയക്കുമരുന്ന്, വര്‍ഗീയത തുടങ്ങി ക്യാമ്പസുകളിലെ അരാജക നിലപാടുകളെ ചെറുക്കണമെങ്കില്‍ വിദ്യാര്‍ഥി രാഷ്ട്രീയം വേണമെന്ന വാദവും നിരര്‍ഥകമാണ്. റാഗിംഗിന് നേതൃത്വം നല്‍കുന്നത് പലപ്പോഴും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ നേതാക്കളും പ്രവര്‍ത്തകരുമാണ്. വിദ്യാലയങ്ങളിലെ മയക്കുമരുന്ന് ഉപയോഗത്തിനും ഇത്തരക്കാര്‍ പിടിയിലാകാറുണ്ട്. ജനാധിപത്യ രാഷ്ടീയ സങ്കല്‍പ്പങ്ങള്‍ കലാലയങ്ങളില്‍ നിന്ന് രൂപപ്പെട്ടു വരുന്നത് നല്ലതാണെങ്കിലും ആ ധര്‍മം നിറവേറ്റാന്‍ ഇന്നത്തെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാകില്ല.