ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നു മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു

ബെംഗളൂരു
Posted on: October 14, 2017 8:12 pm | Last updated: October 14, 2017 at 11:51 pm

ബെംഗളൂരു നഗരത്തില്‍ കനത്ത മഴ തുടരുന്നു. മഴയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
കുറുംബറഹള്ളിയില്‍ മതിലിടിഞ്ഞ് ദമ്പതിമാരായ ശങ്കരപ്പ, കമലമ്മ എന്നിവര്‍ മരണപ്പെട്ടു. ലഗേരയില്‍ ഓടയിലെ ഒഴുക്കില്‍പെട്ട് മീനാക്ഷി (57), മകള്‍ പുഷ്പ (22) എന്നിവരും മരിച്ചു. നഗരത്തിലെ ഓവുചാലുകളില്‍ നിന്ന് മഴവെള്ളമെത്തുന്ന രാജകലുവക്ക് സമീപമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഓടയിലൂടെയുള്ള ശക്തമായ മളവെള്ളപ്പാച്ചലില്‍ ഇരുവരും അകപ്പെടുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു.
കുറുംബറഹള്ളിയിലെ എച്ച് വി കെ ലേ ഔട്ടില്‍ ഓടയില്‍ വീണ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. വെങ്കിടേശ്വര ക്ഷേത്രപൂജാരി വാസുദേവിന്റെ മൃതദേഹമാണ് കിട്ടിയത്. മറ്റൊരാളുടെ മൃതദേഹം കണ്ടെത്താന്‍ പോലീസും അഗ്നിശമന സേനയും ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കനത്ത മഴയെ തുടര്‍ന്ന് പല വീടുകളിലും വെള്ളം കയറിയ നിലയിലാണ്. നഗരത്തിലെ പല റോഡുകളും തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹന ഗതാഗതവും ദുഷ്‌കര മായിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.
ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ബെംഗളൂരു നഗരത്തില്‍ മഴ വീണ്ടും ശക്തമായത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. പലയിടത്തും ഗതാഗത തടസ്സവും വൈദ്യുതി വിതരണം നിലക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പെ ഗദക് ജില്ലയില്‍ ഇടിമിന്നലേറ്റ് അറുപത്കാരന്‍ മരിച്ചിരുന്നു. വരഗുണ്ടപട്ടണയിലെ ദേവപ്പയാണ് മരിച്ചത്. എം ജി റോഡ്, വിജയനഗര, നാഗസാന്ദ്ര, യശ്വന്ത്പൂര്‍, കോറമംഗലം, ശാന്തിനഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
ശേഷാദ്രിപുരത്തെ റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ബി ബി എം പി ആരംഭിച്ച റോഡുകളിലെ കുഴിയടക്കുന്ന പ്രവൃത്തിയെയും മഴ ബാധിച്ചു. ദേവനഗരെയിലെ ഫയര്‍ സ്റ്റേഷനില്‍ വെള്ളം കയറി പ്രവര്‍ത്തനം തടസ്സപ്പെട്ടു. ചാമരാജ്‌നഗരത്തിലെ കൃഷിയിടവും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണുണ്ടായത്. നഗരത്തില്‍ മരം കടപുഴകി വീണ് കഴിഞ്ഞയാഴ്ച നിരവധി നാശനഷ്ടം സംഭവിച്ചിരുന്നു. വിജയപുര ജില്ലയില്‍ റെയില്‍പ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു.
രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. സെപ്തംബര്‍ മാസം ഇതുവരെയായി 896 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്. സാധാരണയായി ലഭിക്കുന്നതിനേക്കാള്‍ 39 ശതമാനം അധികമാണിത്. മഴക്കെടുതി നേരിടാന്‍ 1060 കോടി രൂപ ഉടന്‍ അനുവദിക്കണമെന്ന് ബി ബി എം പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.