Connect with us

Kerala

കപ്പലിടിച്ച് തകര്‍ന്ന ബോട്ടില്‍ നിന്ന് രണ്ട് മൃതദേഹം കണ്ടെത്തി

Published

|

Last Updated

കോഴിക്കോട്: ഉള്‍ക്കടലില്‍ കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്ന സംഭവത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തു നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തകര്‍ന്ന ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം, ആരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങള്‍ ബേപ്പൂരിലെത്തിച്ച ശേഷമേ മരിച്ചതാരെന്ന് സ്ഥിരീകരിക്കാനാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

കാണാതായ മൂന്ന് പേര്‍ക്കായി നാവികസേനയും തീരസംരക്ഷണ സേനയും തിരച്ചില്‍ തുടരുകയാണ്. തീരസംരക്ഷണ സേനയുടെ കൊച്ചിയില്‍ നിന്നുള്ള അഭിനവ് എന്ന കപ്പലും ബേപ്പൂരില്‍ നിന്നുള്ള സി 404 വെസലുമാണ് പരിശോധന നടത്തുന്നത്. ഇതിന് പുറമെ, തീരസംരക്ഷണ സേനയുടെ ഡോര്‍നിയര്‍ വിമാനവും നാവികസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനുണ്ട്.

കന്യാകുമാരി മണവാളക്കുറിച്ചിയില്‍ നിന്നുള്ള ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് തകര്‍ന്നത്. ആറ് പേരടങ്ങുന്ന ബോട്ട് തോപ്പുംപടി ഹാര്‍ബറില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് പുറപ്പെട്ടത്. രക്ഷപ്പെട്ട സേവ്യറിന്റെ മകന്‍ ആന്റോയുടേതാണ് ബോട്ട്. ആന്റോയായിരുന്നു ബോട്ടിലെ സ്രാങ്ക്. ഇവരെ കൂടാതെ ആന്റോയുടെ ഭാര്യാ പിതാവ് റമ്യാസ്, തിരുവനന്തപുരം സ്വദേശികളായ പ്രിന്‍സ്, ജോണ്‍സണ്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍.

 

Latest