യുഡിഎഫ് ഹര്‍ത്താല്‍ സമാധാനപരമായിരിക്കും: രമേശ് ചെന്നിത്തല

Posted on: October 13, 2017 7:56 pm | Last updated: October 14, 2017 at 9:13 am

തിരുവനന്തപുരം: ഒക്ടോബര്‍ 16ന് യു.ഡി.എഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും ഇന്ധനവില വര്‍ധനയിലും പ്രതിഷേധിച്ച് നടത്തുന്ന ഹര്‍ത്താലില്‍ ജനങ്ങളുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. ഹര്‍ത്താലിന്റെ വിജയത്തിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബലപ്രയോഗമോ അക്രമമോ നടത്താന്‍ പാടില്ല. സഞ്ചാരസ്വാതന്ത്ര്യം ഉള്‍പ്പെടെ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന ഒരു അവകാശവും തടസ്സപ്പെടുത്തരുതെന്നും രമേശ് ചെന്നിത്തല യു.ഡി.എഫ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.

ജനജീവിതത്തെ തകിടംമറിക്കുന്ന വിധത്തില്‍ ഉണ്ടായിരിക്കുന്ന ഇന്ധന വിലക്കയറ്റം, അവശ്യസാധനങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റം, നാടുനീളെ അരങ്ങേറുന്ന അതിക്രമങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വികലമായ നയങ്ങള്‍ എന്നിവക്കെതിരെയുള്ള ജനങ്ങളുടെ അടങ്ങാത്ത പ്രതിഷേധം രേഖപ്പെടുത്തി തൊഴിലാളികളും ജീവനക്കാരും കച്ചവട വ്യാപാരി സമൂഹവും സ്വമേധയാ ഹര്‍ത്താലില്‍ പങ്കെടുത്തും വാഹനങ്ങള്‍ സ്വമേധയാ നിരത്തിലിറക്കാതെയും ഈ സമാധാനസമരം വിജയിപ്പിക്കണമെന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു.