Connect with us

Gulf

ദോഹ മെട്രോ റാസ് ബു ഫുന്താസ് സ്റ്റേഷന്‍ അന്തിമ ഘട്ടത്തിലേക്ക്‌

Published

|

Last Updated

ദോഹ മെട്രോയുടെ റാസ് ബു ഫുന്താസ് സ്റ്റേഷന്റെ നിര്‍മാണ പുരോഗതി ഖത്വര്‍ റെയില്‍ പുറത്തുവിട്ടു. കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ഗ്ലാസ് പാകിയിട്ടുണ്ട്. മേല്‍ക്കൂരയിലെ നിര്‍മാണം പുരോഗമിക്കുകയാണ്. സ്റ്റേഷന്റെ ഉള്ളിലെ അലങ്കാരപ്പണികളും ആരംഭിച്ചതായി ഖത്വര്‍ റെയില്‍ അറിയിച്ചു. റെഡ് ലൈനിലുള്ള സ്റ്റേഷനാണ് റാസ് ബു ഫുന്താസ്. അതിനിടെ ദോഹ മെട്രോയുടെ ഫൈനല്‍ ഡിസൈന്‍ സേഫ്റ്റി കേസ് (എഫ് ഡി എസ് സി) ഗതാഗത മന്ത്രാലയത്തിലെ സുരക്ഷാ പുനരവലോകന സമിതി അംഗീകരിച്ചു.

ദോഹ മെട്രോയുടെ ആദ്യ സ്റ്റേഷന്‍ ഈ മാസം തുറക്കുമെന്ന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍സുലൈത്വി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതുതായി തുറക്കുന്ന സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവസരമൊരുക്കും. ഇതോടനുബന്ധിച്ച് ഒരു മെട്രോ ട്രെയിനും കാണുന്നതിന് സൗകര്യമേര്‍പ്പെടുത്തും. രണ്ടാം ബാച്ച് ദോഹ മെട്രോ ട്രെയിനുകളും ഖത്വറിലെത്തിയതായും മൂന്നാം ബാച്ച് ട്രെയിനുകള്‍ ഉടനെത്തുമെന്നും അദ്ദേഹം അറിയിച്ചു.

റെഡ്‌ലൈനിലെ തുരങ്ക പാതയുടെ ഭാഗം പൂര്‍ത്തിയായെന്നും ദോഹ മെട്രോയുടെ കേന്ദ്രഭാഗമായ മിശൈരിബ് സ്റ്റേഷനിലെ മേല്‍ക്കൂര ഘടിപ്പിക്കല്‍ പുരോഗമിക്കുന്നെന്നും ഖത്വര്‍ റെയില്‍ കഴിഞ്ഞ മാസം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. റെഡ്‌ലൈനിന്റെ ഭാഗമായ തുരങ്കപാതയിലെ ട്രാക്ക് വിരിക്കല്‍, സര്‍വീസ് പ്ലാറ്റ്‌ഫോം, ലൈറ്റിംഗ്, കേബിള്‍ ഘടിപ്പിക്കല്‍, ഫയര്‍ ഫൈറ്റിംഗ് സംവിധാനം തുടങ്ങിയവയാണ് പൂര്‍ത്തിയായത്. അല്‍ വക്‌റയില്‍ നിന്ന് ലുസൈല്‍ വരെ 42 കിലോമീറ്ററിലാണ് റെഡ്‌ലൈന്‍ നിര്‍മിക്കുന്നത്. ഹമദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ ഒന്നാം ടെര്‍മിനലുമായും ബന്ധിപ്പിക്കുന്ന പാതയാണിത്. പതിനെട്ട് സ്റ്റേഷനുകളാണുള്ളത്. ഉഖ്ബ ബിന്‍ നാഫി സ്റ്റേഷനില്‍ ഇലക്ട്രിക്കല്‍ ഫീഡര്‍ പാനലുകളും എത്തിയിരുന്നു. മെട്രോ സ്റ്റേഷനുകളുടെ പിന്നാമ്പുറം എന്നറിയപ്പെടുന്ന ഭാഗത്താണ് ഇതിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. അടുത്ത വര്‍ഷം മധ്യത്തോടെയാണ് ഉഖ്ബ ബിന്‍ നാഫി സ്റ്റേഷന്‍ പൂര്‍ത്തിയാകുക. ആദ്യ ബാച്ച് ട്രെയിനുകള്‍ ആഗസ്റ്റിലാണ് എത്തിയത്. നിശ്ചയിച്ചതിനെക്കാള്‍ രണ്ടുമാസം മുമ്പായിരുന്നു ഇത്. ജപ്പാനില്‍ നിന്നും 21 ദിവസമെടുത്താണ് ദോഹ ഹമദ് പോര്‍ട്ടിലെത്തിയത്. ട്രെയിനുകളുടെ പരീക്ഷണയോട്ടത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ മാസം പ്രചരിച്ചിരുന്നു

ദോഹ മെട്രോയില്‍ ഉപയോഗിക്കുന്ന 75 ട്രെയിനുകളുടെ ആദ്യ ബാച്ചാണ് കൊണ്ടുവന്നത്. ശേഷിക്കുന്ന ട്രെയിനുകളും നിശ്ചയിച്ച സമയത്തു തന്നെ എത്തുമെന്നും പരിശോധനാ നടപടികള്‍ ആരംഭിക്കുമെന്നും ഖത്വര്‍ റയില്‍ അറിയിച്ചു. 2020ലാണ് മെട്രോയുടെ പ്രഥമ ഘട്ടം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വേഗതയേറിയ ഡ്രൈവര്‍രഹിത മെട്രോ ട്രെയിന്‍ എന്ന വിശേഷണത്തോടെയാണ് ദോഹ മെട്രോ സര്‍വീസിനു തയാറെടുക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതിയില്‍ സഞ്ചരിക്കുന്ന മെട്രോയില്‍ മൂന്നു കാറുകള്‍ (ബോഗികള്‍) ആണുണ്ടാകുക. ഇതില്‍ ഒരെണ്ണം ഗോള്‍ഡ് ആന്‍ഡ് ഫാമിലി ക്ലാസ് ആയി ഉപയോഗിക്കും. രണ്ടെണ്ണം സ്റ്റാന്‍ഡേര്‍ഡ് ക്ലാസും ആയിരിക്കും. ഗോള്‍ഡ് ക്ലാസില്‍ 16 സീറ്റുകളും ഫാമിലി ക്ലാസില്‍ 26 സീറ്റുകളുമുണ്ടാകും. സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ 88 പേര്‍ക്ക് ഇരുന്നു യാത്ര ചെയ്യാം.

---- facebook comment plugin here -----

Latest