വിദ്യാലയങ്ങളില്‍ സമരം ചെയ്യുന്നവരെ പുറത്താക്കാം: ഹൈക്കോടതി

Posted on: October 13, 2017 2:12 pm | Last updated: October 13, 2017 at 8:33 pm

കൊച്ചി: വിദ്യാലയങ്ങളില്‍ രാഷ്ട്രീയസമരം വേണ്ടെന്ന് ഹൈക്കോടതി. നിരാഹാര സമരം, പിക്കറ്റിംഗ് എന്നിവ നടക്കുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തണം. കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം ചെയ്യുന്നവരെ പുറത്താക്കാമെന്നും സമരത്തിനായി കെട്ടുന്ന പന്തലുകള്‍ പൊളിച്ചുനീക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

പൊന്നാനി എംഇഎസ് കോളജില്‍ നടക്കുന്ന വിദ്യാര്‍ഥിസമരത്തിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്. പഠിക്കാനാണ് വിദ്യാലയങ്ങളില്‍ പോകേണ്ടത്. സമരത്തിനല്ല. സമരങ്ങളിലൂടെ രാഷ്്ട്രീയ ഭാവി ലക്ഷ്യമിടുന്നവര്‍ പഠനം ഉപേക്ഷിച്ച് പുറത്തുപോകട്ടെ. രണ്ടും ഒന്നിച്ചുപോകില്ല. അന്യായമായ കാര്യങ്ങള്‍ നേടിയെടുക്കാനാണ് ധര്‍ണയും സത്യഗ്രഹവും പോലുള്ള സമരമുറകള്‍ പ്രയോഗിക്കുന്നത്. ന്യായമായ ഏത് കാര്യത്തിനും ഉചിതമായ മാര്‍ഗങ്ങളും വേദികളുമുണ്ട്. സമരത്തിനായി കെട്ടുന്ന പന്തലോ മറ്റ് സംവിധാനങ്ങളോ നിലനിര്‍ത്താന്‍ അനുവദിച്ചുകൂടാ. കോളജിനുള്ളില്‍ മാത്രമല്ല, തൊട്ടടുത്ത പരിസരത്തൊന്നും അവ പാടില്ല, പൊളിച്ചുനീക്കേണ്ടതാണ്. കോളജില്‍ നിന്ന് ആവശ്യപ്പെട്ടാല്‍ ഇതിനാവശ്യമായ എല്ലാ സഹായവും പോലീസ് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.