ഹാദിയക്കെതിരെ കൊലവിളിയുമായി ഹിന്ദു പാര്‍ലിമെന്റ് നേതാവ്

Posted on: October 13, 2017 10:15 am | Last updated: October 13, 2017 at 10:15 am

കൊച്ചി: സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വീട്ടുതടങ്കലിലാക്കിയ ഹാദിയക്കെതിരെ കൊലവിളിയുമായി ഹിന്ദു പാര്‍ലിമെന്റ് നേതാവ് സി പി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയുടെ പിതാവിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചൂരി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നുവെന്നാണ് ഹിന്ദു പാര്‍ലിമെന്റ് നേതാവായ സി പി സുഗതന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഇവിടെ ഭരണഘടനയുടെ നീതിയല്ല ധര്‍മ ശാസ്ത്രങ്ങളാണ് നോക്കേണ്ടത്. മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിലും ഭേദം മരണമാണ്. ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ തന്റെ തന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്യമായ മാനസികാവസ്ഥയില്‍ ആക്കി, നാടിനും നാട്ടാര്‍ക്കും സ്വസ്ഥത ഇല്ലാതാക്കി സമൂഹത്തെ തമ്മില്‍ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്‍ തന്റെ സംസ്‌കാരത്തോടും, മാതൃപിതൃത്വത്തോടും ശത്രുപക്ഷത്ത് ചേര്‍ന്ന് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതുകൊണ്ട് ആ അച്ഛന് സ്വാഭാവിക നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്‍കുന്നുണ്ട്.

കുടുംബത്തിന്റെ അടിസ്ഥാനം സ്നേഹവും രക്തബന്ധവും സമൂഹവും അതിന്റെ സംസ്‌കാരവും എല്ലാം ചേര്‍ന്നതാണ്. ഇതിനെ അടിസ്ഥാനമാക്കിയാണ് ഭരണഘടന ഉണ്ടാകുന്നത്. അല്ലാതെ ഭരണഘടന ഉണ്ടാക്കി പിന്നെ സമൂഹത്തെ ഉണ്ടാക്കുകയല്ല. മരുന്നിന്റെയും മറ്റു ഉത്പന്നങ്ങളുടെയും എക്സ്പയറി ഡേറ്റ് നിശ്ചയിക്കുന്നതുപോലെ 18 വയസ്സ് പൂര്‍ത്തിയായാല്‍ മാതാപിതാക്കളോടും കുടുംബത്തോടും സമൂഹത്തോടുമുള്ള ബന്ധം എക്സ്പയറി ആകുമെന്ന് പറയുന്നവര്‍ ഭരണഘടനയെ ദുരുപയോഗം ചെയ്യുകയാണെന്ന് വാദിക്കുന്ന ഇയാള്‍ കുടുംബത്തെ ഭരണഘടനയുടെ ന്യായ സംഹിതകൊണ്ടല്ല നിര്‍വചിക്കേണ്ടതെന്നും കുറിച്ചിട്ടുണ്ട്.