Connect with us

Kerala

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മന്ത്രി ജി സുധാകരന്റെ കര്‍ശന നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: ഈ മാസം 25ന് മുമ്പ് എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ എന്‍ജിനീയര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി ജി സുധാകരന്‍. 2017 ആഗസ്റ്റ് മാസം പൊതുമരാമത്ത് വകുപ്പ് റോഡുകളുടെയും ദേശീയപാതകളുടെയും അറ്റകുറ്റപ്പണികള്‍ക്കായി 350 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തുക അനുവദിച്ച് തുടങ്ങിയത്.

എന്നാല്‍, മഴ മാറിയിട്ടും അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ പലയിടങ്ങളിലും കഴിഞ്ഞിട്ടില്ല. ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ സമയബന്ധിതമായി നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പിലെ ഉയര്‍ന്ന ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി. മാധ്യമങ്ങളും പൊതുജനങ്ങളും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സ്ഥിതിയുണ്ടായി.

സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇക്കാര്യത്തില്‍ ചില പൊതുമരാമത്ത് എന്‍ജിനീയര്‍മാരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനം ഉണ്ടായില്ല എന്ന ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നേരിട്ട് നിയമസഭാ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എന്‍ജിനീയര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

ചുമതലപ്പെട്ട എന്‍ജിനീയര്‍മാര്‍ അവരുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരാതെ രണ്ട് ദിവസമെടുത്ത് ജില്ലകള്‍ സന്ദര്‍ശിച്ച് അറ്റകുറ്റപ്പണി ത്വരിതപ്പെടുത്താനും അറ്റകുറ്റപ്പണികള്‍ ശരിയായ നിലയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കി ഈ മാസം 20ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ വിവിധ ജില്ലകളില്‍ റോഡുകള്‍ സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

 

---- facebook comment plugin here -----

Latest