
കൈറോ: ഫലസ്തീനിലെ പ്രമുഖ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളായ ഹമാസും ഫതഹും തമ്മില്‍ അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍ നടന്ന സമ്മേളനത്തിലാണ് പതിറ്റാണ്ടുകളുടെ വൈര്യത്തിന് ഔദ്യോഗിക വിരാമമായത്. ഇരുപാര്‍ട്ടികളെയും ഒന്നിപ്പിക്കുന്നതിനായി ഈജിപ്ത് അടക്കമുള്ള അറബ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ചര്‍ച്ച നടക്കുകയായിരുന്നു. 2011ല്‍ ധാരണയായതും എന്നാല്‍ ഇതുവരെ നടപ്പില്‍വരാത്തതുമായ ഐക്യസര്‍ക്കാര്‍ കരാറിലാണ് ഇരുപാര്‍ട്ടി വക്താക്കളും ഒപ്പുവെച്ചത്.
അടഞ്ഞുകിടക്കുന്ന ഈജിപ്ത് – ഗാസ റഫ അതിര്‍ത്തി അടുത്ത മാസം മുതല്‍ മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ സൈന്യത്തിന്റെ നേതൃത്വത്തില്‍ തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ അതിര്‍ത്തിയിലും ഈ സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും സുരക്ഷാ നടപടികള്‍ ശക്തമാക്കുക.
തിരഞ്ഞെടുപ്പിന് മുമ്പ് ഫതഹും ഹമാസും ആഭ്യന്തര സര്‍ക്കാറിന് രൂപം നല്‍കാനും ഗാസയിലും വെസ്റ്റ്‌ബേങ്കിലും പൊതുതിരഞ്ഞെടുപ്പ് നടത്താനും ധാരണയായിട്ടുണ്ട്. ഗാസാ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസ് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വരെ ഇവിടെ ഫലസ്തീന്‍ അതോറിറ്റിയാകും ഭരണം നടത്തുക.
കുടിയേറ്റ പദ്ധതികള്‍ വ്യാപിപ്പിച്ചും മസ്ജിദുല്‍ അഖ്‌സയടക്കമുള്ള മുസ്‌ലിം തീര്‍ഥാടന കേന്ദ്രങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചും പ്രകോപനവുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയതോടെയാണ് ഹമാസിനെയും ഫതഹിനെയും ഒന്നിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമായി നടന്നത്. ഫലസ്തീന്‍ ജനങ്ങളും ഹമാസ് – ഫതഹ് ഏറ്റുമുട്ടലിനോടും രാഷ്ട്രീയ പോരാട്ടത്തോടും വൈമനസ്യം കാണിച്ചിരുന്നു.