ആദ്യ രണ്ട് റൗണ്ടുകളിലും ഡോ. ഹമദ് അല്‍ കുവാരി മുന്നില്‍

Posted on: October 11, 2017 5:54 pm | Last updated: October 11, 2017 at 5:54 pm

ദോഹ: പാരീസില്‍ പുരോഗമിക്കുന്ന യുനസ്‌കോ ഡയറക്ടര്‍ ജനറല്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് റൗണ്ടുകളിലും ഖത്വറിന്റെ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിക്ക് മുന്നേറ്റം. രണ്ടാം റൗണ്ടില്‍ ആകെയുള്ള 58 വോട്ടുകളില്‍ പോള്‍ ചെയ്തതില്‍ ഡോ. അല്‍കുവാരി 20 വോട്ടുകള്‍ നേടി. 30 വോട്ടുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ആദ്യ റൗണ്ടില്‍ അല്‍കുവാരിക്ക് ലഭിച്ചത് 19 വോട്ടുകളായിരുന്നു. ഒന്നാം റൗണ്ട് വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല.

ആദ്യ രണ്ട് റൗണ്ടുകളിലും ഡോ.അല്‍കുവാരി ലീഡ് നേടിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിന്റെ ഓഡ്രെ അസൗലെ രണ്ട് റൗണ്ടുകളിലും പതിമൂന്ന് വീതം നോട്ട് നേടി രണ്ടാമതാണ്. ഈജിപ്തിന്റെ മൗശിറ ഖത്താബ് 12 വോട്ടുമായി മൂന്നാമതുമാണ്. ആദ്യ റൗണ്ടില്‍ മൗശിറക്ക് പതിനൊന്ന് വോട്ടുകളാണ് ലഭിച്ചത്. ചൈനയുടെ ഖിയാന്‍ ടാംഗ്, വിയറ്റ്‌നാമിന്റെ ഫാം സന്‍ഹ്് ചാഉ എന്നിവര്‍ അഞ്ച് വീതവും ലബനോന്റെ വെറ എല്‍ഖൗറി ലകോയൂഹി മൂന്ന് വോട്ടും നേടി. ആദ്യ റൗണ്ടില്‍ രണ്ട്‌വോട്ടുമാത്രം നേടിയ അസര്‍ബൈജാന്റെ പോളാട് ബുല്‍ബുലൊഗല്‍ പിന്‍മാറി.
രണ്ടാം റൗണ്ടിലും ഭൂരിപക്ഷത്തിലേക്കെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇന്ന് മൂന്നാം റൗണ്ട് നടക്കും. ഇതിലും 30 വോട്ടുകളെന്ന ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ നാലാം റൗണ്ട് നടക്കും. അവിടെയും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച രണ്ട് പേര്‍ മാത്രമായി വെള്ളിയാഴ്ച അന്തിമ വോട്ടെടുപ്പ് നടക്കും. വെള്ളിയാഴ്ചക്കുള്ളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി വിജയിയെ നിശ്ചയിക്കും. പരമാവധി അഞ്ച് റൗണ്ടുകള്‍ വരെ വോട്ടെടുപ്പ് നീളും. ഈ റൗണ്ടുകള്‍ക്കുള്ളില്‍ വിജയിയെ നിശ്ചയിക്കും.
ആദ്യ റൗണ്ട് വോട്ടെടുപ്പിന്റെ ഫലം ആഹ്ലാദമുളവാക്കുന്നതാണെന്നും യുനസ്‌കോയുടെ കാര്യത്തില്‍ ഖത്വറിന്റെ നിലപാടിനെയും സ്ഥാനാര്‍ഥിയെയും ലോകം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നുവെന്നതിന്റെ പ്രതിഫലനമാണ് വോട്ടെടുപ്പില്‍ കാണുന്നതെന്ന് ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി ഖത്വര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. യുനസ്‌കോയുടെ തത്വങ്ങള്‍ ഖത്വര്‍ പരിപാലിക്കുമെന്നും മക്കളിലൊരാളെ യുനസ്‌കോയെ നയിക്കാന്‍ നിര്‍ദേശിക്കുന്നതിലൂടെ ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുമെന്നും ലോകം ഉറപ്പാക്കിക്കഴിഞ്ഞു. യുനസ്‌കോയെ പരിപാലിക്കുകയെന്നത് ഒരു ജോലിയല്ല, മറിച്ച് ഒരു ദൗത്യമാണ്. സംഘടന നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി രണ്ട് വര്‍ഷം മുന്‍പ് കൃത്യമായ കാഴ്ചപ്പാടുകളോടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും ഡോ.അല്‍ കുവാരി ചൂണ്ടിക്കാട്ടി.