കയര്‍മേഖലയെ നവീകരിക്കാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി

Posted on: October 10, 2017 9:17 pm | Last updated: October 11, 2017 at 9:12 am

തിരുവനന്തപുരം: സമഗ്ര യന്ത്രവല്‍ക്കരണത്തിലൂടെ കയര്‍മേഖലയെ നവീകരിക്കുവാനും അഭിവൃദ്ധിപ്പെടുത്തുവാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പരമ്പരാഗതമായി കയര്‍വ്യവസായ രംഗത്ത് നിലയുറപ്പിച്ചവര്‍ക്ക് സഹായമേകാനും പുതുതലമുറയെ ആകര്‍ഷിക്കാനും ഇതുവഴി സാധിക്കും. പരമ്പരാഗത രീതിയില്‍ തൊഴിലെടുക്കുന്നവരെ സംരക്ഷിക്കുന്ന നവീകരണ പദ്ധതിയാണ്് നടപ്പിലാക്കുക.
കയര്‍ സഹകരണസംഘങ്ങളെ ആധുനിക യന്ത്രവല്‍കൃത ഫാക്റ്ററികളാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അടുത്ത മൂന്നുവര്‍ഷത്തിനകം കേരളത്തിലെ മുഴുവന്‍ കയര്‍ തൊഴിലാളികളേയും പരമ്പരാഗത റാട്ടുകളില്‍ നിന്നും ഇലക്‌റ്റ്രോണിക് റാട്ടിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനാവശ്യമായ തൊഴില്‍പരിശീലനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

സമഗ്ര യന്ത്രവല്‍ക്കരണത്തിലൂടെ കയര്‍മേഖലയെ നവീകരിക്കുവാനും അഭിവൃദ്ധിപ്പെടുത്തുവാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണ്.
പരമ്പരാഗതമായി കയര്‍വ്യവസായ രംഗത്ത് നിലയുറപ്പിച്ചവര്‍ക്ക് സഹായമേകാനും പുതുതലമുറയെ ആകര്‍ഷിക്കാനും ഇതുവഴി സാധിക്കും. പരമ്പരാഗത രീതിയില്‍ തൊഴിലെടുക്കുന്നവരെ സംരക്ഷി ക്കുന്ന നവീകരണ പദ്ധതി ആണ് നടപ്പിലാക്കുക.

കയര്‍ സഹകരണസംഘങ്ങളെ ആധുനിക യന്ത്രവല്‍കൃത ഫാക്റ്ററികളാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. വിപണിയിലെ ആവശ്യത്തിനനുസൃതമായി വൈവിധ്യപൂര്‍ണമായ ഉല്പന്നങ്ങള്‍ നിര്‍മിക്കാന്‍ തൊഴിലാളികള്‍ക്ക് സാധിക്കണം. അടുത്ത മൂന്നുവര്‍ഷത്തിനകം കേരളത്തിലെ മുഴുവന്‍ കയര്‍ തൊഴിലാളികളേയും പരമ്പരാഗത റാട്ടുകളില്‍ നിന്നും ഇലക്റ്റ്രോണിക്‍ റാട്ടിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

ഇതിനാവശ്യമായ തൊഴില്‍പരിശീലനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.
കയര്‍ത്തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 200 തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കും. ഇതിനായി ഒരു സമഗ്രപരിപാടിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതാണ് രണ്ടാം കയര്‍ വ്യവസായ പുനഃസംഘടനാ സ്കീം. ആകെ 1400 കോടിയില്‍പ്പരം രൂപ ചെലവുവരുന്ന ഈ പദ്ധതിക്കായി 1200 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബാക്കി തുക എന്‍സിഡിസി മുഖേന ലഭ്യമാക്കും.

ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണ്-ജല സംരക്ഷണത്തിനുവേണ്ടി നൂറിലധികം കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം വാങ്ങുന്നതിനുള്ള കരാറില്‍ സംസ്ഥാനത്തെ 671 ഗ്രാമപഞ്ചായത്തുകളുമായി ധാരണാപത്രം ഒപ്പ് വെച്ചിട്ടുണ്ട്. ഇത് കയര്‍മേഖലയില്‍ വന്‍തോതിലുള്ള തൊഴില്‍ലഭ്യതയ്ക്ക് ഇടവരുത്തും. ഇത്തരത്തില്‍ കൃത്യമായ ആസൂത്രണത്തോടെ കയര്‍മേഖലയെ ഒന്നാകെ പുനഃരുജ്ജീവിപ്പിക്കുന്നതിനും നാടിന്റെ മൊത്തത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുപോകുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

towards #Navakeralam