ഭീകര സംഘടനയില്‍ ചേര്‍ന്ന യു എ ഇ സ്വദേശിക്ക് ജീവപര്യന്തം

Posted on: October 10, 2017 8:56 pm | Last updated: October 10, 2017 at 8:56 pm

അബുദാബി: ഭീകരസംഘടനയായ ദാഇശില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച സ്വദേശിക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട് ഫെഡറല്‍ സുപ്രീംകോടതി വിധി ഉത്തരവായി, ദഇശില്‍ ചേരുകയും പങ്കാളികളാവുകയും ചെയ്ത കുറ്റത്തിനാണ് സ്വദേശിക്കെതിരെ ശിക്ഷവിധിച്ചത്.
ഇതേകുറ്റത്തിന് അബുദാബി ഫെഡറല്‍ പ്രാഥമിക കോടതി ഇയാള്‍ക്കെതിരെ നേരത്തെ ജീവപര്യന്തം ജയില്‍ശിക്ഷ വിധിച്ചിരുന്നു.

ഇതിനെതിരെ സുപ്രീംകോടതിയില്‍ പ്രതി നല്‍കിയ ഹരജിയില്‍ മേല്‍നടന്ന വിധിയിലാണ കീഴ്‌ക്കോടതിയുടെ തീരുമാനത്തെ അംഗീകിരിച്ചുകൊണ്ട് കോടതി ഉത്തരവായത്. ഇന്നലെ അതീവ സുരക്ഷയില്‍ കോടതിയില്‍ നടന്ന സിറ്റിംഗിലാണ് പ്രതിക്കെതിരെയുള്ള കീഴ്‌ക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ചത്. ശിക്ഷാകാലാവധി കുറക്കണമെന്നാവശ്യപ്പെട്ട് പ്രതി നല്‍കിയ അപേക്ഷ കോടതി ഇന്നലെ തള്ളുകയായിരുന്നു. രാജ്യത്ത് ഭീകരസംഘനയുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നടത്താനുള്ള ശ്രമങ്ങള്‍ക്കിടയിലായിരുന്നു ഇയാള്‍ സുരക്ഷാവിഭാഗത്തിന്റെ പിടിയിലായിരുന്നത്.

സമാനമായ കേസില്‍ സ്വദേശിതന്നെയായ മറ്റൊരു പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച ഏഴുവര്‍ഷം തടവുശിക്ഷയും സുപ്രീംകോടതി ശരിവെച്ചു. കീഴ്‌ക്കോടതിയുടെ വിധിക്കെതിരെ ഇയാളും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. പ്രതിയുടെ അപേക്ഷ നിരസിച്ച കോടതി, ഏഴുവര്‍ഷത്തെ ശിക്ഷാകാലയളവ് കഴിഞ്ഞുള്ള മൂന്നുവര്‍ഷക്കാലം ഇയാളെ പ്രത്യേക നിരീക്ഷണത്തിന് വിധേയനാക്കാനും വിധിച്ചു. രണ്ടുകേസുകളിലും പ്രതികള്‍ കോടതി ചിലവുകളും നല്‍കണം.