Connect with us

Ongoing News

നൈജറിനെതിരെ സ്‌പെയിനിന് നാലു ഗോളിന്റെ തകര്‍പ്പന്‍ ജയം

Published

|

Last Updated

കൊച്ചി: ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഗോള്‍ മഴയോടെ സ്‌പെയിനിന്റെ തിരിച്ചുവരവ്. കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ നൈജറിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തുവിട്ടത്. വിജയം അനിവാര്യമായ മത്സരത്തില്‍ ആഫ്രിക്കന്‍ ടീമിനെതിരെ സമ്പൂര്‍ണ വിജയമാണ് സ്‌പെയിന്‍ നേടിയത്.

ക്യാപ്റ്റന്‍ റ്യൂസ് ഇരട്ട ഗോളുകളോടെ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ റയല്‍താരം സീസര്‍ ഗില്‍ബെര്‍ട്ട്, ബാഴ്‌സ താരം സെര്‍ജിയോ ഗോമസ് എന്നിവരും ഗോള്‍ കണ്ടെത്തി. കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിപ്പോയ ബാഴ്‌സയുടെ കൗമാര താരം റ്യൂസ് നൈജറിനെതിരെ മിന്നുന്ന ഫോമിലായിരുന്നു. ബ്രസീലില്‍ നിന്നേറ്റ പരാജയത്തെ തുടര്‍ന്ന് വിജയം അനിവാര്യമായിരുന്ന സ്‌പെയിന്‍ ആദ്യപകുതിയില്‍ തന്നെ മൂന്ന് ഗോള്‍ കണ്ടെത്തി.
യൂറോപ്യന്‍ ഫുട്‌ബോളിന്റെ സൗന്ദര്യമായിരുന്നു ഇന്നലെ സ്‌പെയിന്‍ പുറത്തെടുത്തത്. കുറിയ പാസുകളുമായി നൈജറിനെ വട്ടം കറക്കിയ സ്‌പെയിന്‍ പ്രതിരോധത്തിലും മികച്ചു നിന്നു. നൈജര്‍ ഗോളി ഖാലിത് ലവാലിയുടെ മികച്ച സേവുകളാണ് കൂടുതല്‍ വലിയ മാര്‍ജിനിലുള്ള സ്‌പെയിനിന്റെ വിജയത്തെതടഞ്ഞത്.

കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് കാര്യമായ വ്യത്യാസങ്ങളില്ലാതെയാണ് ഇന്നലെ ഇരു ടീമുകളും കളത്തിലിറങ്ങിയത്. ജുവാന്‍ മിറന്റയും ആന്റോണിയോ ബ്ലാന്‍കോയും സ്‌പെയിന്‍ ടീമിലിടം പിടിച്ചു. ബ്രസീലിനെതിരെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ വഴങ്ങിയതിനാല്‍ നാല് വീതം ഡിഫന്‍ഡര്‍മാരെയും മുന്നേറ്റ താരങ്ങളെയും കളത്തിലിറക്കിയ സ്‌പെയിന്‍ ആദ്യമേ നയം വ്യക്തമാക്കിയിരുന്നു.
വിജയം അനിവാര്യമായിരുന്ന സ്‌പെയിനിന്റെ മുന്നേറ്റങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ കോട്ടകാക്കാന്‍ നാല് പേരുമായായിരുന്നു നൈജറും കളത്തിലിറങ്ങിയത്. 4-4-2 ശൈലിയില്‍ സ്‌പെയിനിനെ പിടിച്ചുകെട്ടാനായിരുന്നു നൈജര്‍ കോച്ച് ഇസ്മാലിയ തിമോക്കേയുടെ ലക്ഷ്യം. സമനില പോലും നേട്ടമായിരുന്ന നൈജറിനെതിരെ സൂക്ഷ്മതയോടെയാണ് സ്‌പെയിന്‍ കളി തുടങ്ങിയത്.

കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ പറ്റാതിരുന്ന ക്യാപ്റ്റന്‍ ആബേല്‍ റ്യൂസ് ഫോമിലേക്കുയര്‍ന്നതോടെ സ്‌പെയിന്‍ താളം കണ്ടെത്തി. ഒത്തിണക്കത്തോടെ കളിച്ച സ്‌പെയിന്‍ ഇരുപത്തിയൊന്നാം മിനിറ്റില്‍ തന്നെ ഗോള്‍ കണ്ടെത്തി. ഇടതുവിങ്ങില്‍ നിന്ന് മൂന്ന് പ്രതിരോധ നിരക്കാര്‍ക്കിടയിലൂടെ ബാഴ്‌സ താരം ജുവാന്‍ മിറാന്റ നല്‍കിയ ക്രോസ് പെനാല്‍റ്റി ബോക്‌സില്‍ നിന്ന് ആല്‍ബേല്‍ റ്യൂസ് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ആദ്യഗോള്‍ വീണതിന്റെ ആലസ്യത്തിലേക്ക് പോകാതെ മത്സരം തുടര്‍ന്ന സ്‌പെയിന്‍ പത്ത് മിനിറ്റിന് ശേഷം രണ്ടാം ഗോളും കണ്ടെത്തേണ്ടതായിരുന്നു. പെനാല്‍ട്ടി ബോക്‌സിലേക്ക് താഴ്ന്നിറങ്ങിയ മുഹമ്മദ് മൗഖലിസിന്റെ ഫ്രീകിക്കില്‍ നിന്ന് റ്യൂസ് തൊടുത്ത ഷോട്ട് ഗോളാകാതെ പോയത് നിര്‍ഭാഗ്യം കൊണ്ടുമാത്രമായിരുന്നു. എന്നാല്‍ 41 ാം മിനിറ്റില്‍ രണ്ടാം ഗോള്‍ കണ്ടെത്തിയ ബാഴ്‌സ താരം നൈജറിനെതിരെ വ്യക്തമായ ലീഡ് നേടിക്കൊടുത്തു. വലതുവിങ്ങില്‍ നിന്ന് സെര്‍ജിയോ ഗോമസ് എടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു റ്യൂസിന്റെ രണ്ടാം ഗോള്‍ പിറന്നത്. ആദ്യ പകുതിയുടെ അധിക സമയത്ത് സീസര്‍ ഗില്‍ബര്‍ട്ട് മൂന്നാം ഗോളും നേടിയതോടെ നൈജര്‍ തോല്‍വി ഉറപ്പിച്ചു. നൈജര്‍ പ്രതിരോധ നിരയെ കബളിപ്പിച്ചു വലതുവിങ്ങില്‍ നിന്നു വന്ന ക്രോസ് റ്യൂസ് ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും പ്രതിരോധ നിരയില്‍ തട്ടിത്തെറിച്ചു പോകുകയായിരുന്നു. ഔട്ട് ലൈനില്‍ വെച്ച് പന്തുപിടിച്ചെടുത്ത സെര്‍ജിയോ ഗോമസ് നല്‍കിയ ക്രോസ് സീസര്‍ ഗോളിലേക്ക് തിരിച്ചു വിടുകയായിരുന്നു.
മൂന്ന് ഗോളിന് പിന്നിട്ടുനിന്ന നൈജറിനെതിരെ രണ്ടാം പകുതിയിലും മികച്ച കളി പുറത്തെടുത്ത സ്‌പെയിന്‍ ആധിപത്യം തുടര്‍ന്നു. ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം പന്ത്് കൈവശം വെക്കുന്നതിലും സ്‌പെയിന്‍ മികവ് തുടര്‍ന്നതോടെ നൈജര്‍ ചിത്രത്തില്‍ നിന്ന് മാഞ്ഞു. മത്സരത്തിലുടനീളം മികച്ച കളി പുറത്തെടുത്ത സെര്‍ജിയോ ഗോമസ് 82ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയതോടെ നൈജറിന്റെ തോല്‍വി പൂര്‍ണമായി.

 

Latest