കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ യുഡിഎഫിന് ആരുടെയും കൂട്ട് വേണ്ട: ചെന്നിത്തല

Posted on: October 10, 2017 3:19 pm | Last updated: October 10, 2017 at 9:10 pm

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹത്തിനെതിരെ സമരം ചെയ്യാന്‍ കേരളത്തില്‍ യു.ഡി.എഫിന് ആരുടെയും കൂട്ട് ആവശ്യമില്ലെന്നും ഒറ്റയ്ക്ക് സമരം ചെയ്യാന്‍ യു.ഡി.എഫിന് കഴിവുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നിച്ചുള്ള സമരത്തെ കുറിച്ച് ആലോചിക്കും മുമ്പ് മുഖ്യശത്രു ആരെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ യു.ഡി.എഫുമായി യോജിച്ച് സമരത്തിന് തയ്യാറാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

കേന്ദ്രനയത്തിനെതിരെ ഒരു യോജിച്ച പ്രതികരണം നടത്തണമെന്ന് അവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ എല്‍ഡിഎഫുമായി ബന്ധപ്പെടട്ടെയെന്നും പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്നും ആയിരുന്നു കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത്.