കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; ജാഗ്രതാ നിര്‍ദേശം

Posted on: October 10, 2017 10:32 am | Last updated: October 10, 2017 at 10:32 am

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്ന് 10 മരണം. കാറ്റു മൂലം കാട്ടു തീ നാട്ടിലേക്ക് പടര്‍ന്നാണ് വടക്കന്‍കാലിഫോര്‍ണിയയില്‍ അപകടമുണ്ടായത്. 1500ഓളം കെട്ടിടങ്ങള്‍ അഗ്‌നിബാധയില്‍ കത്തി നശിച്ചു. വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍കണ്‍ട്രിയാണ് കാട്ടു തീയില്‍ അവസാനമായി കത്തിയമര്‍ന്നത്. തീ നിയന്ത്രണവിംധയമാക്കാന്‍ ശ്രമം തുടരുകയാണ്.

5000 ഏക്കറോളം മുന്തിരിത്തോട്ടം തീപിടിത്തത്തില്‍ കത്തി നശിച്ചുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നാപയും സനോമയും ഉള്‍പ്പെടെ എട്ട് കൌണ്ടികളില്‍ ഗവര്‍ണ്ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പത്തുപേരുടെ മരണം സ്ഥിരീകരിച്ചതായി സനോമ കൌണ്ടി ഷെരീഫ് റോബ് ഗിയോര്‍ദാനോ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

വീശിയടിച്ച കാട്ടുതീയില്‍ ഇരുപതിനായിരത്തോളം പേര്‍ നാപ മേഖലയില്‍ നിന്ന് പലായനം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കാട്ടു തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.