വേദനയറിയാതെ വധശിക്ഷ

Posted on: October 10, 2017 8:35 am | Last updated: October 9, 2017 at 8:41 pm

വധശിക്ഷക്ക് തൂക്കിക്കൊലയല്ലാത്ത മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ചു കേന്ദ്രസര്‍ക്കാറിനോട് അഭിപ്രായം തേടിയിരിക്കുകയാണ് സുപ്രീം കോടതി. കുറ്റവാളികളാണെങ്കിലും സമാധാനപൂര്‍വമായിരിക്കണം മരിക്കാനെന്നും വേദനയോടെ ആകരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു. ‘കാലഹരണപ്പെട്ട’ തൂക്കിക്കൊല നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ റിഷി മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. വധശിക്ഷ നടപ്പാക്കാന്‍ മരുന്ന് കുത്തിവെക്കുന്നത് ഉള്‍പ്പെടെയുള്ള വേദനരഹിതമായ മാര്‍ഗങ്ങള്‍ തേടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വേദനയില്ലാതെ വധശിക്ഷ നടപ്പിലാക്കാവുന്ന നിരവധി മാര്‍ഗങ്ങള്‍ ഇന്ന് ലോകത്തുണ്ട്. അക്കാര്യത്തെ കുറിച്ച് നിയമനിര്‍മാണം നടത്തുന്നവര്‍ ഗൗരവപൂര്‍വം ആലോചിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ലോകത്ത് വ്യത്യസ്ത രീതിയിലാണ് വധശിക്ഷ നടപ്പാക്കുന്നത്. കഴുത്ത് വെട്ടുക, വെടിെവച്ച് കൊല്ലുക, തൂക്കിക്കൊല്ലുക, വിഷം കുത്തിവെക്കുക, വൈദ്യുതാഘാതം ഏല്‍പ്പിക്കുക, വിഷവാതക ചേംബറില്‍ അടക്കുക, ദഹിപ്പിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. ആനയെക്കൊണ്ട് തലചവിട്ടി ഉടക്കുക, പുലിക്കൂട്ടിലെറിയുക, ആനക്കാലില്‍ കെട്ടി വലിച്ചുകീറിക്കുക, കുതിരവാലില്‍ കെട്ടി വലിക്കുക തുടങ്ങി ഇരുമ്പുതകിട് പോലും തുളയ്ക്കാന്‍ കെല്‍പ്പുള്ള മണിക്കൂറുകള്‍കൊണ്ട് വളരുന്ന മുളം കൂമ്പിനു മീതേ കുറ്റവാളിയെ ബന്ധിക്കുക തുടങ്ങിയ പ്രാകൃത രീതികളും നിലവിലുണ്ടായിരുന്നു. ഇന്ത്യയില്‍ തൂക്കിക്കൊലയാണ് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 354ാം വകുപ്പ് അനുശാസിക്കുന്നത്. ജപ്പാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ അഫ്ഗാന്‍, ഇറാന്‍, ഇറാക്ക് എന്നിവിടങ്ങളിലെല്ലാം ഇതാണ് രീതി. 1960ല്‍ വധശിക്ഷ നിരോധിച്ചകാലത്ത് ബ്രിട്ടനിലും തൂക്കിക്കൊലയായിരുന്നു നിലനിന്നത്. എന്നാല്‍ കുറ്റവാളി അശേഷം വേദനയറിയാതെ മരിക്കുന്ന രീതി വേണമെന്നാണ് സുപ്രീംകോടതിയെ സമീപിച്ച റിഷി മല്‍ഹോത്രയുടെ ആവശ്യം. വധശിക്ഷ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെടുന്നവരുമുണ്ട് രാജ്യത്ത്.

എന്താണ് കൊടിയ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് വധശിക്ഷ നല്‍കുന്നതിന്റെ താത്പര്യം. കുറ്റവാളിയെ ലോകത്ത് നിന്ന് നിഷ്‌കാസിതനാക്കുക മാത്രമല്ല, അതിനപ്പുറം കുറ്റകൃത്യങ്ങളില്ലാത്ത സമൂഹത്തിന്റെ സൃഷ്ടിപ്പ് കൂടിയാണ്. കുറ്റകൃത്യങ്ങള്‍ക്ക് കഠിനവും വേദനാജനകവുമായ ശിക്ഷ ലഭിക്കുമെന്ന് വന്നാല്‍ സമൂഹം പരമാവധി അതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കും. കുറ്റവാളിയെ രഹസ്യമായോ വേദന ഒട്ടും അറിയാതെയോ ഉന്മൂലനം ചെയ്യുന്നു എന്ന് വന്നാല്‍ സമൂഹത്തില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കില്ല. ജീവനും സമ്പത്തിനും അഭിമാനത്തിനും സൈ്വര ജീവിതത്തിനും ഭീഷണി ഉണ്ടാക്കുന്നവരെ മാതൃകാപരമായി ശിക്ഷിച്ചാലല്ലാതെ സമാധാനം ഉറപ്പുവരുത്തുക സാധ്യമല്ലെന്ന് അനുഭവങ്ങള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. വധശിക്ഷ നിര്‍ത്തലാക്കിയ ചില രാജ്യങ്ങള്‍ വീണ്ടും അത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ചെറിയ കുറ്റങ്ങള്‍ക്കു പോലും വധശിക്ഷ നടപ്പാക്കുന്ന വാര്‍ത്തകളാണ് ചൈനയില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ രാജ്യത്തെ നടുക്കിയ ബലാത്സംഗം നടന്നപ്പോള്‍ ‘ബലാത്സംഗത്തിന് വധശിക്ഷ’, ‘ബലാത്സംഗക്കാരനെ എറിഞ്ഞു കൊല്ലൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്നു കേട്ടത്. ശിക്ഷാമുറകള്‍ ലഘുവാക്കണമെന്ന വാദഗതി ശക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെ ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് കഠിന ശിക്ഷ നല്‍കിയേ മതിയാകൂ എന്ന ബോധ്യം ആധുനിക സമൂഹത്തിനുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഠിന ശിക്ഷാമുറകള്‍ നടപ്പുള്ള സഊദിയിലെയും ഇതര രാജ്യങ്ങളിലെയും കുറ്റകൃത്യങ്ങളുടെ തോത് ഇതിനെ ശരിവെക്കുകയും ചെയ്യുന്നു.

ശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതിയുടെ മാത്രമല്ല, ഇരയുടെയും കുടുംബത്തിന്റെയും വശം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കുറ്റം ചെയ്തവനോട് കാരുണ്യവും സഹാനുഭൂതിയും വേണമെന്ന് പറയുന്നവര്‍, അയാള്‍ ചെയ്ത കുറ്റത്തിന്റെ കാഠിന്യവും; ഇരക്കും കുടുംബത്തിനും അത് സൃഷ്ടിച്ച നഷ്ടങ്ങളും വേദനയും കാണാതെ പോകരുത്. കൊലപാതകം, ബലാത്സംഗം പോലെയുള്ള കൃത്യങ്ങള്‍ ഒരു വ്യക്തിയെയോ കുടുംബത്തെയോ മാത്രമല്ല ചിലപ്പോള്‍ സമൂഹത്തില്‍ തന്നെ കനത്ത ആഘാതം സൃഷ്ടിക്കാറുണ്ട്. അതുകൂടി പരിഗണിച്ചു വേണം നീതിന്യായ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തേണ്ടതും നിയമ നിര്‍മാണങ്ങള്‍ നടത്തേണ്ടതും. വേദനയില്ലാത്ത വധശിക്ഷ എന്ന ആവശ്യം ജസ്റ്റിസുമാരായ കെ ജി ബാലകൃഷ്ണന്റെയും ജസ്റ്റിസ് പി സദാശിവത്തിന്റെയും പരിഗണനക്ക് വന്നപ്പോള്‍ അവര്‍ ഉന്നയിച്ച ഒരു സന്ദേഹമുണ്ട്. തൂക്കിക്കൊലക്ക് വിധേയരാവുന്നവര്‍ക്ക് വേദന അനുഭവിക്കേണ്ടിവരുന്നുണ്ടെന്നും വിഷം കുത്തിവെക്കുന്നവര്‍ വേദന അനുഭവിക്കാതെയാണ് മരിക്കുന്നതെന്നും എങ്ങനെ കരുതാനാകുമെന്നായിരുന്നു അവരുടെ ചോദ്യം. ഈ നിരീക്ഷണവും വിഷയീഭവിക്കേണ്ടതുണ്ട്.