സര്‍വകലാശാലകള്‍ക്ക് ‘മതം’ വേണ്ടെന്ന് യു ജി സി

Posted on: October 9, 2017 11:24 pm | Last updated: October 10, 2017 at 12:58 pm

ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ പേരില്‍ നിന്ന് ‘ഹിന്ദു’, ‘മുസ്ലിം’ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് യു ജി സി നിര്‍ദേശം. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയില്‍ നിന്ന് ‘ഹിന്ദു’ എന്ന വാക്കും അലീഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ‘മുസ്ലിം’ എന്ന വാക്കും ഒഴിവാക്കണമെന്ന ആവശ്യവുമായി യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ നിയോഗിച്ച സമിതി ശിപാര്‍ശ ചെയ്തു. പേരുകള്‍ സര്‍വകലാശാലകളുടെ മതനിരപേക്ഷ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.

അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പത്ത് കേന്ദ്ര സര്‍വകലാശാലകളിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി യു ജി സി നിയോഗിച്ച സമതിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. കേന്ദ്ര സര്‍വകലാശാലകള്‍ മതേതരമാകണം. എന്നാല്‍, ഇത്തരം പേരുകള്‍ അതിന്റെ മതനിരപേക്ഷ സ്വഭാവം പ്രതിഫലിപ്പിക്കില്ല. അതുകൊണ്ടാണ് അവ മാറ്റണമെന്ന് നിര്‍ദേശിച്ചതെന്ന് പാനല്‍ അംഗം പറഞ്ഞു. സര്‍വകലാശാലകളെ അലിഗഢ് സര്‍വകലാശാല എന്നും ബനാറസ് സര്‍വകലാശാല എന്നും മാത്രം വിളിക്കാമെന്നും അല്ലെങ്കില്‍ അവയുടെ സ്ഥാപകരുടെ പേര് നല്‍കാമെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

അലിഗഢിനും ബനാറസിനും പുറമേ പോണ്ടിച്ചേരി സര്‍വകലാശാല, അലഹബാദ് സര്‍വകലാശാല, ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാല ഉത്തരാഖണ്ഡ്- ജാര്‍ഖണ്ഡ് കേന്ദ്ര സര്‍വകലാശാല, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാല, ജമ്മു കേന്ദ്ര സര്‍വകലാശാല, മഹാത്മഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയ വാര്‍ധ, ത്രിപുര സര്‍വകലാശാല, ഹരി സിംഗ് ഗൗര്‍ സര്‍വകലാശാല മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് സമതി അന്വേഷണം നടത്തിയത്.

അതേസമയം, സമതിയുടെ നിര്‍ദേശത്തെ തള്ളി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ രംഗത്തെത്തി. ബാനാറസ് ഹിന്ദു സര്‍വകലാശാലയുടെയും അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെയും പേരുകള്‍ മറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സര്‍വകലാശാലകള്‍ വളരെ പുരാതന സ്ഥാപനങ്ങളാണ്. ഇവയുടെ പേരുകള്‍ മാറ്റാന്‍ ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്നും ജാവ്‌ദേകര്‍ വ്യക്തമാക്കി.

അക്കാദമിക്, ഭരണ മേഖലകളിലെ നിലവാരം പരിശോധിക്കുന്നതിന് വേണ്ടിയാണ് കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി പല വീക്ഷണങ്ങളിലും പഠനം നടത്തിയിട്ടുണ്ട്. അവരെന്താണ് പറഞ്ഞതെന്ന് കണ്ടില്ലെന്നും സര്‍വകലാശാലകളുടെ പേരുകള്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിന് ഇപ്പോള്‍ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സര്‍വകാലാശാലകളുടെ പേര് മാറ്റത്തോട് വിദ്യാര്‍ഥികള്‍ക്ക് അനുകൂല പ്രതികരണമാണുള്ളത്.