തിരിച്ചുപിടിച്ച് ഇന്ത്യന്‍ വിപണികള്‍; നിഫ്റ്റി 191 പോയിന്റ് കൂടി

Posted on: October 9, 2017 7:45 am | Last updated: October 8, 2017 at 10:46 pm

ഇന്ത്യന്‍ ഓഹരി വിപണി രണ്ടാഴ്ച്ചത്തെ തകര്‍ച്ചക്ക് ശേഷം കരുത്ത് തിരിച്ചു പിടിച്ചു. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങള്‍ മുന്‍നിര ഓഹരികളോട് കാണിച്ച താത്പര്യവും കഴിഞ്ഞ മാസം മോട്ടോര്‍ വാഹന വില്‍പ്പന ഉയര്‍ന്ന കണക്കുകള്‍ പുറത്തുവന്നതും പ്രമുഖ ഓഹരി ഇന്‍ഡക്‌സുകള്‍ക്ക് തിളക്കം പകര്‍ന്നു. ബോംബെ സെന്‍സെക്‌സ് നാല് ദിവസം കൊണ്ട് 530 പോയിന്റും നിഫ്റ്റി 191 പോയിന്റും കയറി. ഗാന്ധിജയന്ത്രി പ്രമാണിച്ച് ഒരു ദിവസം വിപണി പ്രവര്‍ത്തിച്ചില്ല.

വായ്പ്പാ അവലോകനത്തില്‍ റിസര്‍വ് ബേങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. വിനിമയ വിപണിയില്‍ അമേരിക്കന്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 65.37 ലാണ്. ആഭ്യന്തര മ്യൂചല്‍ ഫണ്ടുകള്‍ 3896 കോടി രൂപ നിക്ഷേപിച്ചു. വിദേശ ഫണ്ടുകള്‍ 3022 കോടി രൂപയുടെ വില്‍പ്പന നടത്തി.
സ്റ്റീല്‍, ഓയില്‍ ആന്റ ഗ്യാസ്, ഹെല്‍ത്ത്‌കെയര്‍, എഫ് എം സി ജി, കാപ്പിറ്റല്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഗുഡ്‌സ്, റിയാലിറ്റി, ബാങ്കിങ്, ഓട്ടോമൊബൈല്‍, പവര്‍ വിഭാഗങ്ങളില്‍ നിക്ഷേപകര്‍ താത്പര്യം കാണിച്ചു. മുന്‍ നിരയിലെ 31 ഓഹരികളില്‍ 24 എണ്ണത്തിന്റെ നിരക്ക് ഉയര്‍ന്നപ്പോള്‍ എഴ് ഓഹരികള്‍ക്ക് തിരിച്ചടി.

ടാറ്റാ മോട്ടേഴ്‌സ് ഓഹരി വില ഏഴ് ശതമാനം ഉയര്‍ന്ന് 239 രൂപയായി. ടാറ്റാ സ്റ്റീല്‍ ആഴ് ശതമാനം വര്‍ധിച്ച് 691 രൂപയിലും സണ്‍ ഫാര്‍മ്മ അഞ്ച് ശതമാനവും വര്‍ധിച്ച് 530 രൂപയിലുമാണ്. എന്‍ റ്റി പി സി, എം ആന്റ എം, ഇന്‍ഫോസീസ്, വിപ്രോ, ലുപിന്‍, ഡോ: റെഡീസ്, കോള്‍ ഇന്ത്യ, എച്ച് യു എല്‍ ഓഹരികളും നേട്ടത്തിലാണ്.
നിഫ്റ്റി സൂചികയ്ക്ക് 9831 ല്‍ നിന്നുള്ള കുതിപ്പില്‍ 9989 വരെ ഉയരാനായുള്ളു. കഴിഞ്ഞവാരം സൂചിപ്പിച്ച 9990 ലെ തടസം മറികടക്കാനാവാതെ 9980 ലാണ്. ഈവാരം നിഫ്റ്റിക്ക് 10,035 ലും 10,091 ലും പ്രതിരോധമുണ്ട്. പ്രതികൂല വാര്‍ത്തകള്‍ വിദേശത്ത് നിന്നുണ്ടായാല്‍ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞാല്‍ സൂചികക്ക് 9877-9775 പോയിന്റില്‍ താങ്ങുണ്ട്.
ബോംബെ സൂചിക 31,440 പോയിന്റില്‍ നിന്ന് 31,844 വരെ കയറിയെങ്കിലും വ്യാപാരാന്ത്യം സുചിക 31,814 ലാണ്. ഇന്ന് ആദ്യ തടസമായ 31,958 പോയിന്റ് മറികടന്നാല്‍ വിപണിയുടെ അടുത്ത ലക്ഷ്യം 32,103 പോയിന്റാവും. എന്നാല്‍ വിപണി തളര്‍ന്നാല്‍ 31,554-31,295 പോയിന്റില്‍ താങ്ങ് പ്രതീക്ഷിക്കാം. വിപണിയുടെ മറ്റ് സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ ഡെയ്‌ലി ചാര്‍ട്ടില്‍ പാരാബോളിക്ക് എസ് ഏ ആര്‍ സെല്ലിങ് മൂഡിലാണ്. ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക്, സ്‌റ്റോക്കാസ്റ്റിക്ക് ആര്‍ എസ് ഐ, സ്ലോ സ്‌റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ന്യൂട്ടേല്‍ റേഞ്ചിലും.

ഏഷ്യന്‍ ഓഹരി ഇന്‍ഡക്‌സുകള്‍ വാരാന്ത്യം മികവിലാണ്. യു എസ് – യുറോപ്യന്‍ മാര്‍ക്കറ്റുകള്‍ അല്‍പ്പം തളര്‍ച്ചയിലാണ്. അമേരിക്കന്‍ തൊഴില്‍ മേഖലയില്‍ നിന്നുള്ള പുതിയ കണക്കുകളാണ് ഓപ്പറേറ്റര്‍മാരെ വാരസാനം വില്‍പ്പനക്കാരാക്കിയത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 49.25 ഡോളര്‍. ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1279 ഡോളറിലുമാണ്.