മുസ്‌ലിം ലീഗില്‍ സലഫി വിഭാഗം പിടിമുറുക്കുന്നു

മലപ്പുറം
Posted on: October 8, 2017 10:54 am | Last updated: October 8, 2017 at 12:04 am

വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പ്രകടമായ മുസ്‌ലിം ലീഗിലെ വിഭാഗീയത പുതിയ തലത്തിലേക്ക്. സലഫി ആശയങ്ങളുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ പിടിമുറുക്കി തുടങ്ങിയതോടെ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ക്കും ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടിക്കുമുള്ള മേധാവിത്വം നഷ്ടമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തീവ്ര സലഫി ആശയക്കാരായ ഇ ടി മുഹമ്മദ് ബശീര്‍, കെ പി എ മജീദ്, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ പാര്‍ട്ടിയില്‍ ശക്തരാകുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഡിസംബറില്‍ മലപ്പുറത്ത് നടക്കാനിരിക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ഥം പുറത്തിറക്കിയ വീഡിയോയില്‍ മുജാഹിദ് വിഭാഗത്തെ പ്രകീര്‍ത്തിച്ച് ഇ ടി മുഹമ്മദ് ബശീറും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും നടത്തിയ പരാമര്‍ശം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കേരളത്തില്‍ തൗഹീദ് പരിചയപ്പെടുത്തിയതും സമാധാനാന്തരീക്ഷം വളര്‍ത്തിയതും മുജാഹിദ് വിഭാഗമാണെന്ന ഇടിയുടെ വാക്കുകള്‍ തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് മുജാഹിദ് പ്രസ്ഥാനത്തിനുണ്ടായിട്ടുള്ള തിരിച്ചടിക്ക് വെള്ള പൂശുക എന്ന ലക്ഷ്യത്തോടെയാണ്. പാര്‍ട്ടിയിലെ സുന്നികളായ പാണക്കാട് ഹൈദരലി തങ്ങള്‍, സ്വാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കുള്ള തിരിച്ചടി കൂടിയാണ് നേതാക്കളുടെ ഈ പരസ്യപ്രതികരണം.

നാടുകാണി ചുരത്തില്‍ മഖാം തകര്‍ത്ത സംഭവത്തില്‍ കെ പി എ മജീദ് ദര്‍ഗകള്‍ക്ക് മതപരമായി പ്രാധാന്യമില്ലെന്ന് പറഞ്ഞതും സുന്നികളെ വെല്ലുവിളിക്കുന്നതിന് തുല്യമായിരുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യു എ ലത്വീഫിനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയും പാര്‍ലിമെന്ററി കമ്മിറ്റി യോഗത്തില്‍ ഇടിയും പി വി അബ്ദുല്‍ വഹാബും കെ എന്‍ എ ഖാദറിന് വേണ്ടി രംഗത്ത് വന്ന് തീരുമാനം മാറ്റിയതും പുതിയ കൂട്ടുകെട്ട് രൂപപ്പെടുന്നതിന്റെ ഭാഗമായിട്ട് വേണം കരുതാന്‍. പി കെ കുഞ്ഞാലിക്കുട്ടിയുടെ താത്പര്യപ്രകാരമാണ് യു എ ലത്വീഫിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്നതെങ്കിലും ഈ മൂന്ന് പേരും ഖാദറിന് വേണ്ടി നിലകൊണ്ടതോടെ തീരുമാനം മാറ്റാന്‍ ഹൈദരലി തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

സമ്മര്‍ദ തന്ത്രം പ്രയോഗിക്കുന്ന ചേളാരി വിഭാഗം സമസ്തക്ക് ലീഗ് ഇനി വഴങ്ങേണ്ടതില്ലെന്ന ഇവരുടെ തീരുമാനത്തിന്റെ കൂടി ഫലമാണ് പുതിയ സംഭവ വികാസങ്ങള്‍. എണ്‍പത് ശതമാനത്തോളം സുന്നികളുള്ള മുസ്‌ലിം ലീഗില്‍ സമീപകാലത്തുണ്ടായിട്ടുള്ള മാറ്റങ്ങള്‍ ലീഗിന് രാഷ്ട്രീയപരമായി ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.