Connect with us

International

തീവ്രവാദത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ട്രംപിന്റെ പ്രതിനിധികള്‍ പാക്കിസ്ഥാനിലേക്ക്

Published

|

Last Updated

വാഷിങ്ടണ്‍:തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഈ മാസം പാകിസ്ഥാനിലേക്ക്. ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ട്രംപിന്റെ നടപടി.

യു എസ് നയതന്ത്ര, സൈനിക ഉപദേശകര്‍ കൂടിയായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരാണ് പാകിസ്ഥാന്‍ സന്ദശനം നടത്തുക. ഈ മാസമൊടുവിലാണ് സന്ദര്‍ശനം. യു എസിന്റെ ആശങ്ക പാകിസ്ഥാനെ നേരിട്ട് അറിയിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഭീകരര്‍ക്ക് താവളം ഒരുക്കുന്നു, അയല്‍ രാജ്യങ്ങളായ ഇന്ത്യയേയും അഫ്ഗാനേയും ആക്രമിക്കുന്ന ഭീകരര്‍ക്ക് പാകിസ്ഥാന്‍ അഭയം നല്‍കുന്നു എന്നിവയാണ് യു എസിന്റെ ആരോപണം. കൂടാതെ മേഖലയില്‍ ഇവര്‍ ഭീഷണി സൃഷ്ടിക്കുന്നുവെന്നും യു എസ് ആരോപിക്കുന്നു.

പാക് പ്രധാനമന്ത്രിയുമായും സൈനികമോധവിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. . ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്ന വിഷയത്തില്‍ കര്‍ശന മുന്നറിയിപ്പുമായാണ് ഇരുവരും പാകിസ്താനിലെത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.
യു എസ് പ്രതിനിധികളുടെ കൂടിക്കാഴ്ചക്ക് ശേഷവും പാകിസ്ഥാന്റെ ശൈലിക്ക് മാറ്റമില്ലെങ്കില്‍ ഉപരോധം അടക്കമുള്ള നടപടികളുണ്ടാകുമെന്നും നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം ഇല്ലാതാക്കും. പാകിസ്താനെതിരെ യുഎസ് ഉന്നയിക്കുന്ന പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് പാക് വിദേശകാര്യ മന്ത്രി പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. 70 വര്‍ഷമായി ഒപ്പം നില്‍ക്കുന്ന സുഹൃത്തിനോട് സംസാരിക്കേണ്ടത് ഇത്തരത്തില്‍ അല്ലെന്നും പാക് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.