ഗൗരി ലങ്കേഷ് ; അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് എസ് ഐ ടി

ബെംഗളൂരു
Posted on: October 7, 2017 11:06 pm | Last updated: October 7, 2017 at 11:06 pm
SHARE

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതായി എസ് ഐ ടി. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയെ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണം ഗൗരിയുടെ ഘാതകരിലേക്ക് എത്താന്‍ സഹായിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോള്‍ മുന്നോട്ടു നീങ്ങുന്നത്. ഇവരില്‍ നാല് പേര്‍ 2009ലെ മഡ്ഗാവ് സ്‌ഫോടന കേസില്‍ പിടികിട്ടാപ്പുള്ളികളാണ്.

മഡ്ഗാവ് സ്‌ഫോടന കേസിനെ തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച നാല് പേരടക്കം അഞ്ച് പേര്‍ക്ക് ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ പങ്കുള്ളതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. മഹാരാഷ്ട്ര കൊലാപൂര്‍ സ്വദേശി പ്രവീണ്‍ ലിംകാര്‍, മംഗളൂരു സ്വദേശി അണ്ണ എന്ന ജയ പ്രകാശ്, പൂണെ സ്വദേശി സാരംഗ് അകോല്‍ക്കര്‍, രുദ്ര പാട്ടീല്‍, വിനയ് പവാര്‍ എന്നിവരെ തേടിയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രുദ്ര പാട്ടീല്‍, സാരംഗ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവര്‍ നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ കൊലപാതകങ്ങളിലും അന്വേഷണം നേരിടുന്നവരാണ്. ലിംകാര്‍, അണ്ണ, അകോല്‍ക്കര്‍ എന്നിവരും രുദ്ര പാട്ടീലുമാണ് മഡ്ഗാവ് സ്‌ഫോടന കേസിലെ പിടിയിലാകാനുള്ളവര്‍. കലബുര്‍ഗി വധക്കേസില്‍ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം തയ്യാറാക്കിയ രേഖാചിത്രത്തിന് രുദ്ര പാട്ടിലുമായി സാമ്യമുണ്ടായിരുന്നു. എന്നാല്‍, ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ഗോവ സ്‌ഫോടനക്കേസില്‍ പ്രതികളായവരെ കണ്ടെത്താനാണ് ശ്രമം. ദീപാവലിക്കിടെ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ട് ഐ ഇ ഡിയുമായി പോകവെ രണ്ട് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസാണ് മഡ്ഗാവ് സ്‌ഫോടന കേസ്.

കലബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് നാടന്‍ തോക്കാണെന്നതാണ് ഇവരിലേക്ക് അന്വേഷണം എത്താനുള്ള കാരണം.
കൊലപാതകങ്ങളുടെ രീതികളിലെ സമാനതകളും അന്വേഷണം സനാതന്‍ സന്‍സ്തയിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണമായി. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ ഐ എ, സി ബി ഐ എന്നിവരില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം തേടി.

ഇതില്‍ ധബോല്‍ക്കര്‍ കേസിന്റെ വിശദാംശങ്ങള്‍ സി ബി ഐ കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി കഴിഞ്ഞതായാണ് വിവരം. എം എം കലബുര്‍ഗി, ഗോവിന്ദ പാന്‍സരെ, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവര്‍ കൊല്ലപ്പെട്ടതിന് സമാനമായാണ് ഗൗരി ലങ്കേഷും വധിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here