കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി; യാത്രക്കാര്‍ പ്രതിഷേധിച്ചു

Posted on: October 7, 2017 1:13 pm | Last updated: October 7, 2017 at 6:20 pm

കൊച്ചി: കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയര്‍വേയ്‌സ് വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. യാത്രാ സൗകര്യം ഒരുക്കാത്ത വിമാനക്കമ്പനി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ വിമാനത്തിലിരുന്ന് പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 120ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. പ്രതിഷേധിച്ചാല്‍, പൈലറ്റിനെ ഘെരാവോ ചെയ്‌തെന്ന് ആരോപിച്ച് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി യാത്രക്കാര്‍ പറഞ്ഞു.

ഇന്ന് രാവിലെ കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനം മോശം കാലവസ്ഥയെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കരിപ്പൂരിലേക്ക് എത്തിക്കാനാകില്ലെന്ന നിലപാടിലായിരുന്നു വിമാനക്കമ്പനി. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് യാത്രക്കാരെ കരിപ്പൂരിലെത്തിക്കാമെന്ന് വിമാന അധികൃതര്‍ പിന്നീട് അറിയിച്ചു.