Connect with us

National

പഞ്ച്കുല കലാപത്തിന് പിന്നില്‍ ഹണിപ്രീത്; നല്‍കിയത് 1.25 കോടിയെന്ന് വെളിപ്പെടുത്തല്‍

Published

|

Last Updated

ചണ്ഡീഗഡ്: ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം മാനഭംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ പഞ്ച്കുലയിലുണ്ടായ കലാപത്തില്‍ ഹണിപ്രീത് ഇന്‍സാന് പങ്കുണ്ടെന്ന് പോലീസ്. ഗുര്‍മീതിന്റെ അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ച്കുല ബ്രാഞ്ചിന്റെ തലവന് ഹണിപ്രീത് 1.25 കോടി നല്‍കിയെന്നാണ് കണ്ടെത്തല്‍. ഗുര്‍മീതിന്റെ ഡ്രൈവറും സന്തത സഹചാരിയുമായ രാകേഷ് കുമാറാണ് മൊഴി നല്‍കിയത്.

ഗുര്‍മീതിന് ശിക്ഷ വിധിച്ചതിന് ശേഷമുണ്ടായ അക്രമപരമ്പരകള്‍ക്ക് ഈ പണമുപയോഗിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. വിധി എതിരാകുമെന്ന വിലയിരുത്തതില്‍ അതിന് മുമ്പ് തന്നെ കലാപം നടത്താനുള്ള പദ്ധതി തയ്യാറാക്കിയിരുന്നതായി പഞ്ച്കുല കമ്മീഷണര്‍ എ എസ് ചൗല പറഞ്ഞു. സെപ്തംബര്‍ 27ന്് പോലീസ് കസ്റ്റഡിയിലെടുത്ത രാകേഷ് കുമാര്‍ നിലവില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. ആഗസ്റ്റ് 25നാണ് ഗുര്‍മീത് റാം റഹീം സിംഗിന് കോടതി ശിക്ഷ വിധിച്ചത്. തുടര്‍ന്ന് പഞ്ച്കുലയിലും പ്രദേശത്തും നടന്ന ആക്രമണത്തില്‍ 35ഓളം പേര്‍ മരിച്ചു. ഒളിവിലായിരുന്ന ഹണി പ്രീതിനെ കഴിഞ്ഞദിസമാണ് പോലീസ് അറസ്‌ററ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം, കലാപശ്രമം, ഗുര്‍മീതിനെ കോടതിയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുര്‍മീതിന്റെ വളര്‍ത്തുമകളാണ് താനെന്നാണ് ഹണിപ്രീതിന്റെ അവകാശവാദം.