സ്ത്രീകളുടെ മുടി മുറിച്ചെന്നാരോപിച്ച് കശ്മീരില്‍ എഴുപതുകാരനെ കല്ലെറിഞ്ഞ് കൊന്നു

Posted on: October 7, 2017 10:53 am | Last updated: October 7, 2017 at 12:59 pm

ശ്രീനഗര്‍: രാത്രിയില്‍ സ്ത്രീകളുടെ മുടി മുറിച്ചുനീക്കുന്ന ആളാണെന്ന് ആരോപിച്ച് കശ്മീരില്‍ ഏഴുപതുകാരനെ കല്ലെറിഞ്ഞുകൊന്നു. അനന്ത്‌നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമവാസിയായ അബ്ദുസ്സലാം വാനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാത്രി നമസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ അബ്ദുസ്സലാം വാനിയെ കല്ലെറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് അനന്ത്‌നാഗ് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്തെ ചില സ്ത്രീകളുടെ മുടി മുറിച്ചു നീക്കിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നില്‍ അബ്ദുസ്സലാം വാനിയാണെന്ന് ആരോപിച്ചാണ് ഇയാളെ ആക്രമിച്ചത്. സ്ത്രീകളുടെ മുടി മുറിച്ചെന്ന് ആരോപിച്ച് അടുത്തിടെ ഭിന്നലിംഗക്കാരിയെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. ഇവരെ പോലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു. നിഷാദ് മേഖലയിലുണ്ടായ സമാനമായ സംഭവത്തില്‍ മറ്റ് രണ്ട് പേരും ആക്രമണത്തിന് ഇരയായി. ഇവരെയും പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്.