റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 300 കോടി

തിരുവനന്തപുരം
Posted on: October 6, 2017 11:53 pm | Last updated: October 6, 2017 at 11:53 pm

പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 300 കോടി രൂപ അനുവദിച്ചു. റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കാനാണ് പണം അനുവദിച്ചത്. മഴ പെയ്യുന്നതോടെ റോഡുകള്‍ തകരുന്നത് പതിവായ സാഹചര്യത്തില്‍ ഇത് മറികടക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പൊതുമരാമത്ത് വകുപ്പിലെ വിദഗ്ധ സംഘം ഈ മാസം 12ന് മലേഷ്യയിലേക്ക് പോകും. കേരളത്തേക്കാള്‍ കൂടുതല്‍ മഴ പെയ്യുന്ന രാജ്യമായിട്ടും മലേഷ്യയിലെ റോഡുകള്‍ തകരാതെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് പഠിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കമലവര്‍ധന റാവുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ലക്ഷ്യം.

തിരുവനന്തപുരം – 24.2 കോടി രൂപ, കൊല്ലം – 20.97, പത്തനംതിട്ട – 18.75, ആലപ്പുഴ – 15.6, കോട്ടയം – 33.12, ഇടുക്കി – 21.77, എറണാകുളം – 30.9, തൃശൂര്‍ – 24.55, പാലക്കാട് – 24.65, മലപ്പുറം – 26.55, കോഴിക്കോട് – 22.35, വയനാട് – 8.25, കണ്ണൂര്‍ -24.5, കാസര്‍കോട് – 15.35 കോടി രൂപ എന്നിങ്ങനെയാണ് അറ്റക്കുറ്റപ്പണിക്കായി ഓരോ ജില്ലക്കും പണം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം എല്ലാ എം എല്‍ എമാരെയും കത്ത് മുഖേന പൊതുമരാമത്ത് മന്ത്രി അറിയിച്ചിരുന്നു.

ഓരോ മണ്ഡലങ്ങളിലും നടത്തേണ്ട പ്രവൃത്തികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ അതാത് എന്‍ജിനീയര്‍മാരുമായി ബന്ധപ്പെട്ട് തീരുമാനിച്ച് അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്കണമെന്നും പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും പല മണ്ഡലങ്ങളിലും ഇതുവരെ പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല. ചീഫ് എന്‍ജിനീയര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും എം എല്‍ എമാര്‍ ഈ പ്രവൃത്തികള്‍ നിരീക്ഷിക്കണമെന്നും ഓരോ നിയമസഭാ മണ്ഡലത്തിലും അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കമലവര്‍ധന റാവുവിന്റെ നേതൃത്വത്തില്‍ മലേഷ്യയിലേക്ക് പോകുന്ന സംഘത്തില്‍ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ പ്രഭാകരന്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനീയര്‍ എം എന്‍ ജീവന്‍രാജ്, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഇ ജി വിശ്വപ്രകാശ് എന്നിവരുമുണ്ടാകും.

കോടികള്‍ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തുന്ന റോഡുകള്‍ ഒറ്റ മഴയില്‍ തന്നെ തകരുന്ന സാഹചര്യമാണ് കേരളത്തില്‍ പലയിടത്തും. റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് തകര്‍ച്ചക്ക് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലെടുത്ത് റോഡ് നിര്‍മാണം നടത്താനും ഇതിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനായി വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പൊതുമരാമത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ആറ് മാസം മലേഷ്യയില്‍ മഴക്കാലമാണ്. എന്നിട്ടും റോഡുകള്‍ ഇതിനെ അതിജീവിക്കുന്നു. കേരളത്തില്‍ അറ്റകുറ്റപ്പണിക്കായി മാത്രം 1000 കോടിയിലേറെ രൂപ എല്ലാ വര്‍ഷവും പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളുമായി ചെലവിടുന്നുണ്ട്. നല്ല റോഡ് പണിത് തകര്‍ച്ച ഒഴിവാക്കാനായല്‍ ഈ പണം പൂര്‍ണമായി പുതിയ റോഡുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകൂട്ടല്‍.