ദുബൈ ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കാളിയാകാന്‍ ദുബൈ പോലീസിനെ ശൈഖ് ഹംദാന്‍ വെല്ലുവിളിച്ചു

Posted on: October 5, 2017 7:16 pm | Last updated: October 5, 2017 at 7:16 pm

ദുബൈ: ശാരീരിക ക്ഷമതയുള്ള ജനതയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിക്കപ്പെട്ട ദുബൈ ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കാളികളാകാന്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ദുബൈ പോലീസിനെ വെല്ലുവിളിച്ചു.

ഈ മാസം 20 മുതലാണ് ദുബൈ ഫിറ്റ്‌നസ് ചലഞ്ച് തുടങ്ങുക. തന്റെ ഇസ്റ്റാഗ്രാം പേജിലുടെയാണ് ദുബൈ പോലീസിനെ ശൈഖ് ഹംദാന്‍ വെല്ലുവിളിച്ചത്. ദുബൈ പോലീസിന്റെ മുഴുവന്‍ വിഭാഗങ്ങളെയും പദ്ധതിയില്‍ പങ്കാളികളാകാനാണ് ഹംദാന്‍ ആശ്യപ്പെട്ടത്. രണ്ടുദിവസം മുമ്പാണ് ശൈഖ് ഹംദാന്‍ ദുബൈ ഫിറ്റ്‌നസ് ചലഞ്ച് പ്രഖ്യാപിച്ചത്. ഈ മാസം 20 മുതല്‍ അടുത്തമാസം 18വരെ നീണ്ടുനില്‍ക്കുന്ന ശാരീരിക വ്യായാമ ക്യാമ്പയിനാണ് ഫിറ്റ്‌നസ് ചലഞ്ച്. ശാരീരികക്ഷമത വര്‍ധിപ്പിക്കാനാവശ്യമായ വൈവിധ്യമാര്‍ന്ന വ്യായാമമുറകളാണ് ദുബൈ ഫിറ്റ്‌നസ് ചലഞ്ച് ക്യാമ്പയിന്‍ അര്‍ത്ഥമാക്കുന്നത്.

സ്വദേശികളും വിദേശികളുമായ ദുബൈയിലെ താമസക്കാരും സന്ദര്‍ശകരും ദിവസം ചുരുങ്ങിയത് അരമണിക്കൂര്‍ വീതം ഒരു മാസക്കാലം ശാരീരിക ക്ഷമതക്കാവശ്യമായ വ്യായാമങ്ങളും കായിക പരിപാടികളും നടത്തുന്നതിലൂടെ ലോകത്തിലെ എറ്റവും ഉന്‍മേഷമുള്ള ജനതയുള്ള നഗരമായി ദുബൈയെ മാറ്റുകയെന്നതാണ് ദുബൈ ഫിറ്റ്‌നസ് ചലഞ്ച് ലക്ഷ്യമിടുന്നത്.