ഷാര്‍ജയില്‍ വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: October 5, 2017 7:12 pm | Last updated: October 5, 2017 at 7:12 pm

ഷാര്‍ജ: വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന കാറുകള്‍ റീചാര്‍ജ് ചെയ്യാനുള്ള സ്റ്റേഷന്‍ ഷാര്‍ജയില്‍ തുറന്നതായി ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സിവ) അറിയിച്ചു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും ചാര്‍ജിംഗ് സ്റ്റേഷന്‍.

പ്രകൃതി വിഭവങ്ങള്‍ വരും തലമുറകള്‍ക്കുവേണ്ടി കരുതിവെക്കുന്നതിന്റെയും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എമിറേറ്റില്‍ തുടങ്ങുന്നതെന്ന് സിവ ചെയര്‍മാന്‍ ഡോ. എന്‍ജി. റാശിദ് അല്ലീം ഉദ്ഘാടനവേളയില്‍ പറഞ്ഞു.

പുതിയതായി തുറന്ന സ്റ്റേഷനില്‍ ഇലക്ട്രിക് കാറുകള്‍ക്ക് സൗജന്യമായി ചാര്‍ജ് ചെയ്യാം. ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വര്‍ഷം 8 ടണ്‍ കാര്‍ബണ്‍ പുറംതള്ളല്‍ ഇതിലൂടെ കുറക്കാന്‍ കഴിയുമെന്നും അല്‍ല്ലീം വ്യക്തമാക്കി. ഉദ്ഘാടനവേളയില്‍ റാശിദ് അല്ലീമിനു പുറമെ സിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.