വിവാദ ആള്‍ദൈവം രാധേ മായ്ക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ ഡല്‍ഹി പൊലീസ് വിവാദത്തില്‍

Posted on: October 5, 2017 7:01 pm | Last updated: October 5, 2017 at 7:01 pm

ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം രാധേ മായ്ക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ ഡല്‍ഹി പൊലീസ് വിവാദക്കുരുക്കില്‍. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്റെ കസേരയില്‍ രാധേ മായെ ഇരുത്തിയ ചിത്രവും പൊലീസുകാര്‍ ഇവരോടൊപ്പം പാട്ടുപാടുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ ഇതിനേടകം വൈറലായിക്കഴിഞ്ഞു.

എസ്എച്ച്ഒ സഞ്ജയ് ശര്‍മ തൊഴുകൈകളോടെയാണു ചുവന്ന ഷാള്‍ പുതച്ച് രാധേ മായുടെ അടുത്തു നില്‍ക്കുന്നത്. ഇവര്‍ സ്‌റ്റേഷനില്‍നിന്നു മടങ്ങുന്ന സമയം വരെ പൊലീസുകാര്‍ രാധേ മാ എന്നു സ്തുതിച്ചു കൊണ്ടിരുന്നു. സംഭവം വിവാദമായതോടെ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 28ന് ആണ് രാധേ മാ സ്‌റ്റേഷനില്‍ എത്തിയത്. നവരാത്രി ചടങ്ങിനെത്തിയ രാധേ മായ്ക്കു ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി അവരെ സ്‌റ്റേഷനിലേക്കു മാറ്റിയതാണെന്നാണു പൊലീസിന്റെ വിശദീകരണം. ഹിന്ദു സന്യാസിമാരുടെ പരമോന്നത സംഘടന അഖില ഭാരതീയ അഖാര പരിഷത്തിന്റെ പുതിയ വ്യാജ ആത്മീയ നേതാക്കളുടെ പട്ടികയിലുള്‍പ്പെട്ടയാളാണ് രാധേ മാ.