കുമ്മനത്തിനത്തിന്റെ യാത്രക്ക് സൗകര്യം ചെയ്തുകൊടുക്കാനാണ് യുഡിഎഫ് ഹര്‍ത്താല്‍ മാറ്റിയത്: കൊടിയേരി

Posted on: October 5, 2017 6:45 pm | Last updated: October 5, 2017 at 6:45 pm

മലപ്പുറം: ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ യാത്രയ്ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നതിനാണ് യുഡിഎഫ് ഹര്‍ത്താല്‍ തീയതി മാറ്റിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുടെ യാത്രക്ക് വിശ്രമം കൊടുത്തിരിക്കുന്ന ദിവസം 16ാം തീയതിയാണ്. ആ ദിവസം കോണ്‍ഗ്രസ് ഹര്‍ത്താല്‍ വെച്ചിരിക്കുന്നത് പരസ്പരം സഹായിക്കാനാണെന്നും കോടിയേരി ആരോപിച്ചു.

വേങ്ങരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി. വേങ്ങരയില്‍ ലീഗ് തോല്‍ക്കുമെന്ന ഭയം കൂടിയാണ് പതിനാറാം തിയ്യതി ഹര്‍ത്താല്‍ നടത്താനുള്ള തീരുമാനം. 15ാം തിയ്യതിയാണ് വേങ്ങര തെരഞ്ഞെടുപ്പ് ഫലം വരിക.പതിനാറാം തീയതി ആഹ്ലാദ പ്രകടനം നടത്തേണ്ടതിന് പകരം ഹര്‍ത്താലാണ് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു