യു എ ഇയില്‍ പുതിയ ഫത്‌വാ കൗണ്‍സില്‍ രുപീകരിക്കും

Posted on: October 5, 2017 6:53 pm | Last updated: October 5, 2017 at 6:53 pm

അബുദാബി: രാജ്യവ്യാപകമായുണ്ടാകുന്ന മതപരമായ വിഷയങ്ങളില്‍ തീര്‍പ്പുകല്‍പിക്കുന്നതിന് പുതിയ ഫത്‌വാ കൗണ്‍സില്‍ രൂപീകരിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു. ഫെഡറല്‍ മന്ത്രാലയത്തിന്റെ 2017ലെ 31ാം തീരുമാനമായാണ് കൗണ്‍സില്‍ രുപീകരിക്കാനുള്ള ഉത്തരവ്.
സ്ഥിരസ്വഭാവത്തിലുള്ള കൗണ്‍സിലിന്റെ പേര് എമിറേറ്റ്‌സ് കൗണ്‍സില്‍ ഫോര്‍ റിലീജിയസ്- ഫത്‌വ എന്നായിരിക്കും. കൗണ്‍സിലിലെ അംഗങ്ങളെ നിശ്ചയിക്കുന്നത് മന്ത്രാലയമായിരിക്കും. മതപരമായ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവും അവഗാഹവും ഉള്ളതിനുപുറമെ സല്‍പേരും ഉള്ളവരായിരിക്കും കൗണ്‍സില്‍ അംഗങ്ങളാകാന്‍ യോഗ്യര്‍, മന്ത്രാലതീരുമാനത്തിന്റെ രണ്ടാം ഖണ്ഡിക വിശദീകരിക്കുന്നു. മതകാര്യവകുപ്പിന്റെ അബുദാബിയിലെ ഹെഡ് ക്വോര്‍ട്ടേഴ്‌സിലായിരിക്കും കൗണ്‍സിലിന്റെ ആസ്ഥാനം. മൂന്നുവര്‍ഷമായിരിക്കും കൗണ്‍സിലിന്റെ കാലാവധി. ആവശ്യമായ മാറ്റങ്ങളോടെ ഓരോ മൂന്നുവര്‍ഷങ്ങളിലും മന്ത്രാലയം, കൗണ്‍സില്‍ പുനഃ സംഘടിപ്പിക്കും, മൂന്നാം ഖണ്ഡിക വ്യക്തമാക്കുന്നു.

രാജ്യത്തെ മതപരമായ മുഴുവന്‍ വിഷയങ്ങളിലും തീര്‍പ്പുകല്‍പിക്കാനുള്ള ഓരേയൊരു വേദിയായിരിക്കും ഫത്‌വാകൗണ്‍സില്‍. വ്യക്തികളോ സംഘങ്ങളോ സര്‍ക്കാര്‍ സംവിധാനങ്ങളോ ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ മതകീയ പ്രമാണങ്ങള്‍ ആധാരമാക്കി തീര്‍പ്പുകല്‍പിച്ച് പ്രശ്‌നപരിഹാരം നിര്‍ദേശിക്കലായിരിക്കും കൗണ്‍സിലിന്റെ പ്രധാന ദൗത്യം. അതോടൊപ്പം ഇത്തരം തീര്‍പ്പുകല്‍പിക്കലിന് യോഗ്യരായ ആളുകളെ വളര്‍ത്തിയെടുക്കലും അത്തരക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കലും കൗണ്‍സിലിന്റെ ചുമതലയില്‍പെടും, മന്ത്രാലയ തീരുമാനത്തിന്റെ നാലാം ഖണ്ഡിക വിശദീകരിക്കുന്നു. കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത വ്യക്തികള്‍ക്കോ സംവിധാനങ്ങള്‍ക്കോ ഇനിമുതല്‍ മത വിഷയങ്ങളില്‍ തീര്‍പ്പുകല്‍പിക്കാന്‍ അധികാരമുണ്ടായിരിക്കുന്നതല്ല. രാജ്യത്തെ കോടതികളുടെയും മറ്റു നീതിന്യായ സംവിധാനങ്ങളുടെ മുമ്പിലുള്ള വിഷയങ്ങളില്‍ ഫത്‌വാ കൗണ്‍സിലിനും ഇടപെടാന്‍ അധികാരമുണ്ടായിരിക്കുന്നതല്ല.

രാജ്യത്തെ ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് അതോറിറ്റികള്‍, വ്യക്തികള്‍ എന്നിവ, മേല്‍ കൗണ്‍സിലിന്റെ ഫത്‌വകള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥരായിരിക്കും. കൗണ്‍സിലിന്റെ ഫത്‌വക്കെതിരെ പറയാനോ പൊതുവേദികളിലോ നവമാധ്യമങ്ങള്‍വഴിയോ അതിനെതിരെ അഭിപ്രായ പ്രകടനം നടത്താനോ ആര്‍ക്കും അധികാരമുണ്ടായിരിക്കുന്നതല്ലെന്ന് മന്ത്രാലയ തീരുമാനത്തിന്റെ തുടര്‍ന്നുള്ള ഖണ്ഡികകളില്‍ വ്യക്തമാക്കുന്നുണ്ട്.