യു ഡി എഫ് രാപ്പകല്‍ സമരം ഇന്ന്

Posted on: October 5, 2017 9:14 am | Last updated: October 5, 2017 at 10:38 am

കൊച്ചി: അന്യായമായ വിലവര്‍ധനക്കും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കും അഴിമതിക്കും എതിരെ യു ഡി എഫ് രാപ്പകല്‍ സമരം ഇന്ന്. രാവിലെ 10 മുതല്‍ നാളെ രാവിലെ 10 വരെ നടക്കുന്ന സമരം സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും നടക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം വൈറ്റിലയില്‍ നടക്കുന്ന രാപ്പകല്‍ സമരം വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിക്കും. നാളെ നടക്കുന്ന സമാപന സമ്മേളനം മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും.

പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ സാധങ്ങളുടെയും വിലവര്‍ധനവിലൂടെ കേന്ദ്രം ജനങ്ങളെ ദ്രോഹിക്കുമ്പോള്‍ മദ്യം ഒഴുക്കി തിരഞ്ഞെടുപ്പ് വാഗ്ദാനലംഘനം നടത്തുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ബി ജെ പി സര്‍ക്കാര്‍ ഇന്ധന വില വര്‍ധനവില്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ജനദ്രോഹ നടപടികള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് യു ഡി എഫ് രാപ്പകല്‍ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.