മോദിയെ വിമര്‍ശിച്ചതിന് നടന്‍ പ്രകാശ് രാജിനെതിരെ കേസ്

Posted on: October 4, 2017 9:00 pm | Last updated: October 5, 2017 at 12:15 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് തമിഴ് നടന്‍ പ്രകാശ് രാജിനെതിരെ പോലീസ് കേസെടുത്തു.

ലക്‌നൗവിലെ ഒരു അഭിഭാഷകനാണ് കേസ് കൊടുത്തത്. ഹര്‍ജിയില്‍ ലക്‌നൗ കോടതി ഈ മാസം ഏഴിന്(ശനിയാഴ്ച) പരിഗണനക്കെടുക്കും.

ബെംഗളൂരുവില്‍ നടന്ന ഡി.വൈ.എഫ്.ഐയുടെ 11ാംസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിക്കെതിരായ പ്രകാശ് രാജിന്റെ വിമര്‍ശനം. തന്റെ സുഹൃത്ത് കൂടിയായ എഴുത്തുകാരി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പാലിക്കുന്ന മൗനത്തിനാണ് പ്രകാശ് രാജ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ഭയപ്പെടുത്തുന്നതാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

താനൊരു അഭിനേതാവാണ്, തന്നേക്കാള്‍ മികച്ച നടനാണ് നരേന്ദ്രമോദിയെന്നും അതിനാല്‍ തനിക്ക് ലഭിച്ച അഞ്ച് ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തിന് നല്‍കണമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.

‘ഗൗരി ലങ്കേഷിനെ കൊന്നവരെ പിടിക്കുകയോ പിടിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍, അതിനേക്കാള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് ആ മരണം സോഷ്യല്‍മീഡിയയില്‍ ആഘോഷിക്കുന്നതു കാണുമ്പോഴാണ്. ആഘോഷിക്കുന്നവരെ നമുക്കറിയാം. ഇവരില്‍ ചിലര്‍ നമ്മുടെ പ്രധാനമന്ത്രിയെ പിന്തുടരുന്നവരാണ്. എന്നാല്‍ ഇതിനോടെല്ലാം പ്രധാനമന്ത്രി ഇപ്പോഴും കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.