Connect with us

Kerala

റോഹിംഗ്യന്‍ മുസ്‌ലിംകളോട് മനുഷ്യത്വപരമായ നിലപാടെടുക്കണം: സുപ്രീം കോടതി

Published

|

Last Updated

്‌ന്യൂഡല്‍ഹി: റോഹിംഗ്യന്‍ മുസ്‌ലിംകളോട് മനുഷ്യത്വപരമായ നിലപാടെടുക്കാന്‍ എന്താണ് തടസ്സമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി. റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പരമോന്നത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹരജികളില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതി ബഞ്ച് ഈ ചോദ്യമുയര്‍ത്തിയത്. അന്താരാഷ്ട്ര മര്യാദകള്‍ക്കനുസരിച്ച് തീരുമാനമെടുക്കാനും സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങിയ റോഹിംഗ്യകള്‍ യഥാര്‍ഥത്തില്‍ അഭയം അര്‍ഹിക്കുന്നില്ലേയെന്നും സുപ്രീം കോടതി ബഞ്ച് ചോദിച്ചു.

റോഹിംഗ്യന്‍ അഭയാര്‍ഥി വിഷയം കോടതിയുടെ അധികാര പരിധിയില്‍ വരുന്നില്ലെന്ന വാദമാണ് പ്രധാനമായും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇത് രാജ്യസുരക്ഷയുമായ ബന്ധപ്പെട്ട പ്രശ്‌നമാണെന്നും കോടതിയിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 അറിയുന്ന ഒരാള്‍ക്കും ഇതില്‍ കോടതി ഇടപെടാമോയെന്ന് ചോദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

നാല്‍പ്പത് വര്‍ഷത്തെ തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. അഭയാര്‍ഥികളെ സ്വീകരിക്കുകയെന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ വഴി എല്ലാ രാജ്യങ്ങളുടെയും ബാധ്യതയാണെന്ന് റോഹിംഗ്യകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി നരിമാന്‍ പറഞ്ഞു. ഹരജിയുടെ നിയമ സാധുത ചോദ്യം ചെയ്യുന്ന സര്‍ക്കാര്‍ ഭരണഘടനാ ലംഘനമാണ് നടത്തുന്നതെന്നും അദ്ദേഹം വാദിച്ചു.
കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി ഈ മാസം 13ലേക്ക് മാറ്റി.

ഡല്‍ഹി, ആന്ധ്ര, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി മൊത്തം 40,000 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്.